വട്ടിയൂർക്കാവിൽ ബി.ജെ.പി വാർറൂം സജീവം; തന്ത്രങ്ങൾ മെനഞ്ഞ് കുമ്മനം

വട്ടിയൂര്‍ക്കാവിന്റെ വോട്ടുഗതികള്‍ കണക്കൂട്ടി വിജയമുറപ്പിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ബി.ജെ.പി  വാര്‍റൂമില്‍ ഒരുക്കങ്ങള്‍ തകൃതിയാണ്.  സീറ്റ് നിഷേധിക്കപ്പെട്ടതോടെ നിരാശനായിരുന്ന കുമ്മനം രാജശേഖരനെ വാര്‍റൂമില്‍ സജീവമാക്കി സംഘപരിവാര്‍ വോട്ടുകള്‍ ചോരാതെ ആസൂത്രണം നടത്തുകയാണ് ബി.ജെ.പി. ആസൂത്രങ്ങളും നീക്കങ്ങളും ബിജെപിക്ക് വിജയം സമ്മാനിക്കുമെന്ന് കുമ്മനം രാജശേഖരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

നരേന്ദ്രമോദിയുടെ കൂറ്റന്‍ കൗട്ടിട്ടിന് ഒപ്പമാണ് സ്ഥാനാര്‍ഥി എസ് സുരേഷിന്റെയും കട്ടൗട്ട്. ലക്ഷ്യം ഒന്നു മാത്രം ,വട്ടിയൂര്‍ക്കാവിനെ കാവിയണിക്കുക. അതിനുള്ള ആസൂത്രണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ബി.ജെ.പി നിയോഗിച്ചിരിക്കുന്നത് കുമ്മനം രാജശേഖരനെ യാണ്. കുമ്മനത്തിന് സീറ്റ് നിഷേധിച്ചതോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത് നിന്ന് ചുവടുമാറ്റിയതോടെയാണ് വാര്‍റൂമിന്റെ ചുമതല കുമ്മനത്തെ ഏല്‍പ്പിച്ചത്. കൃത്യമായി വരച്ച് തയാറാക്കിയ മണ്ഡ‍ലത്തിന്റെ മാപ്പ് ഓഫീസിലുണ്ട്. അവിടെ നോക്കിയാല്‍ അറിയാം ഓരോ മേഖലകളിലെയും ശക്തിയും ദൗര്‍ബല്യവും. വിശ്വാസവും അവിശ്വാസവും തന്നെയാണ് വട്ടിയൂര്‍ക്കാവിലും ബി.ജെ.പിയുടെ തുറപ്പ് ചീട്ട്.

ഓരോ വാര്‍ഡുകള്‍ ആവര്‍ത്തിച്ച് കയറേണ്ട വീടുകളുടെ ലിസ്റ്റുകള്‍,നേരിട്ട് കാണേണ്ട പ്രമുഖ്യ വ്യക്തികള്‍, എന്നിവയെല്ലാം വാര്‍റൂമില്‍ നിശ്ചയിക്കപ്പെടും.  ബിജെപി കോണ്‍ഗ്രസ് വോട്ടുകച്ചവട ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വോട്ടുകള്‍ ചോരാതെ ഉറപ്പിക്കാനുള്ള തന്ത്രങ്ങളും ബി.ജെ.പി അണിയറയില്‍ ശക്തമാണ്. സാമൂദായിക കണക്കുകളിലാണ് ബിജെപി പ്രതീക്ഷവെയ്ക്കുന്നത്. സി.പി.എമ്മും കോണ്‍ഗ്രസും അവരുടെ വോട്ടുകള്‍ കൃത്യമായി പിടിച്ചാല്‍ ജയിക്കാം എന്നതാണ് ബിജെപിയുടെ വിശ്വാസം.