ശ്വാസകോശത്തിൽ എഴുപത്ശതമാനം മുഴ; ദൈവങ്ങളായി അവതരിച്ച് ഡോകടർമാർ

അപൂര്‍വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ മരണത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തി കൊച്ചിയിലെ ഡോക്ടര്‍മാര്‍. ഡോ. വി.പി ഗംഗാധരന്റെ നേതൃത്വത്തിലുളള വൈദ്യസംഘമാണ്  മൂന്നുവയസ്കാരനായ ഹൈദാന്റെ ജീവന്‍ തിരികെ പിടിച്ചത്.   

ലോകത്ത് കുട്ടികളില്‍ അപൂര്‍വമായി കണ്ടുവരുന്ന രോഗമാണ് പ്ലൂറോ പള്‍മണറി ബ്ലാസ്റ്റോമ. യുഎഇയില്‍ വെച്ച് കടുത്ത ശ്വാസതടസം ഉണ്ടായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹൈദാനും ഇൗ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. രോഗം കണ്ടെത്തുമ്പോഴേയ്ക്കും ഹൈദാന്റെ ശ്വാസകോശത്തിന്റെ എഴുപത്ശതമാനത്തോളം രോഗത്തിന്റെ ഭാഗമായ മുഴ വ്യാപിച്ചിരുന്നു.  ശസ്ത്രക്രിയപോലും വിജയിക്കില്ലെന്ന് യുഎഇയിലെ ആശുപത്രികളെല്ലാം വിധിയെഴുതി.  ഗുരുതരാവസ്ഥയിലായ കുട്ടിയെ വിമാനമാര്‍ഗം കൊണ്ടുവരാന്‍ പോലും തുടക്കത്തില്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഹൈദാനുമായി മാതാപിതാക്കള്‍ ഡോ.പി.വി ഗംഗാധരനെ സമീപിച്ചത്. ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയയായിരുന്നു ഹൈദാന് നടത്തേണ്ടിയിരുന്നത്. ഡോ.വി.പി ഗംഗാധരന്റെയും എറണാകുളം മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍ ഡോ. നാസര്‍ യൂസഫിന്റെയും നേതൃത്തിലുളള സംഘം ഏഴുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഒന്നരകിലോയോളം ഭാരമുളള മുഴ പുറത്തെടുത്തത്.

കേരളത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരത്തിലുളള ശസ്ത്രക്രിയ നടത്തിയതെന്നും ഡോ. വി.പി ഗംഗാധരന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.  ശ്വാസകോശത്തെ ബാധിക്കുന്ന ഇൗ രോഗം ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തത് ഇരുനൂറ്റി നാല് പേര്‍ക്ക് മാത്രം.