13 വർഷമായി പൊളിഞ്ഞ റോഡ്; ചെളിവെളളത്തില്‍ കുളിച്ചും മീന്‍ പിടിച്ചും പ്രതിഷേധം

റോഡിലെ കുഴിയിലെ ചെളിവെളളത്തില്‍ കുളിച്ചും മീന്‍ പിടിച്ചും കൊച്ചിയിലൊരു പ്രതിഷേധം. കൊച്ചി നായരമ്പലത്തെ തീരദേശ റോഡിന്‍റെ ശോച്യാവസ്ഥയ്ക്കെതിരെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുെട വേറിട്ട സമരം.

പതിമൂന്ന് വര്‍ഷമായി പൊളിഞ്ഞു കിടന്നിട്ടും നായരമ്പലത്തെ തീരദേശ റോഡിലെ കുഴിയടയ്ക്കാന്‍ ഇടപടെലുണ്ടാകുന്നില്ലെന്നാരോപിച്ചാണ് കോണ്‍ഗ്രസുകാര്‍ റോഡില്‍ പ്രതിേഷധത്തിന്‍റെ വലയെറിഞ്ഞത്. അതുകൊണ്ടും തീര്‍ന്നില്ല. റോഡിലെ വമ്പന്‍ കുഴിയില്‍ നിറഞ്ഞ െചളിവെളളം സ്വന്തം ശരീരത്തിലേക്ക് കോരിയൊഴിച്ചും പ്രതിഷേധിച്ചു പ്രവര്‍ത്തകര്‍.

നാട്ടുകാരിലേറെപ്പേര്‍ ആശ്രയിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്നത് തകര്‍ന്നു കിടക്കുന്ന റോഡിന്‍റെ സമീപത്താണ്. ഇവിടേക്ക് ഒരത്യാവശ്യത്തിന് വിളിച്ചാല്‍ ഓട്ടോറിക്ഷ പോലും എത്താത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.

റോഡ് ഉടന്‍ നന്നാക്കിയില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്കും സ്ഥലം എംഎല്‍എയുടെ ഓഫിസിലേക്കും പ്രതിഷേധ പ്രകടനം നടത്തുമെന്നാണ് കോണ്‍ഗ്രസുകാരുടെ പ്രഖ്യാപനം.