കരുതലിൻറെ കാരുണ്യ യാത്ര; വൃക്കരോഗികളായ ഉമ്മയെയും മക്കളെയും സഹായിക്കാന്‍ സർവ്വീസ്

വൃക്കരോഗികളായ ഉമ്മയെയും രണ്ട് മക്കളെയും സഹായിക്കാന്‍ തിരൂരിലെ സ്വകാര്യ ബസുകൾ കാരുണ്യ യാത്ര നടത്തി. ഇരിങ്ങാവൂർ സ്വദേശി അടൂക്കാട്ടിൽ ഇബ്രാഹീമിന്റെ ഭാര്യയുടെയും മക്കളുടെയുയും തുടർ ചികില്‍സയ്ക്കാണ് 6 ബസുകൾ സർവ്വീസ് നടത്തിയത്. 

പാറയിൽ ,സഫാരി ഫിർദൗസ്, റോയൽ, മൈത്രി, പി സി.സൺസ് തുടങ്ങിയ സ്വകാര്യ ബസുകളിലെ കണ്ടക്ടർമാർ ബാഗില്ലാതെ ബക്കറ്റുമായാണ് പണപ്പിരിവിനിറങ്ങിയത്. വൃക്കരോഗികളായ മാതാവിന്റെയും രണ്ട് മക്കളുടെയും ചികില്‍സാചിലവിനുള്ള കാരുണ്യ യാത്രയോട് സഹകരിക്കണമെന്നായിരുന്നു ബസ് ജീവനക്കാരുടെ അഭ്യർത്ഥന. ബസ് യാത്രക്കാർ ടിക്കറ്റ് ചാർജ്ജിന് പുറമെ അകമഴിഞ്ഞ് സഹായിച്ചു.ഓരോ ബസിലും കയറിയിറങ്ങിയുള്ള ജീവനക്കാരുടെ ഫണ്ട് ശേഖരണത്തിൽ കാൽനട യാത്രികരും വ്യാപാരികളും പങ്കാളികളായി. ആറ് ബസുകളുടെ   മുഴുവൻ കളക്ഷനും കൂടാതെ ജീവനക്കാരുടെ വേതനവും ഈ കുടുംബത്തിന് നൽകാനാണ് തീരുമാനം.

കാരുണ്യ യാത്രയുടെ ആദ്യ സർവ്വീസ് തിരൂർ ബസ്സ് സ്റ്റാന്റിൽ വെച്ച് തിരൂർ സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് ഫ്ലാഗ് ഓഫ് ചെയ്തു. കളക്ഷൻതുക കുടുംബത്തിന് കൈമാറി.