ആരിഫ് ഇല്ലാത്ത അരൂരില്‍ യുഡിഎഫിന് ആത്മവിശ്വാസം; സാധ്യതകള്‍ ഇങ്ങനെ

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ ഒരേയൊരു സിറ്റിങ് സീറ്റാണ് അരൂർ. പാർലമെന്റ് തിരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരിയപ്പോഴും ആലപ്പുഴ കൂടെ നിന്നതിന്റെ ആശ്വാസമുണ്ട് ഇവിടെ സിപിഎമ്മിന്. എന്നാൽ  സിറ്റിങ് എംഎല്‍എ തന്നെ മത്സരിച്ചിട്ടും അരൂർ മണ്ഡലത്തിൽ ലീഡ് അനുകൂലമായതിന്റെ ആത്മവിശ്വാസമുണ്ട് ഇവിടെ യുഡിഎഫിന്. 

ഭൂരിപക്ഷം നിയമസഭ തിരഞ്ഞെടുപ്പിലും ഇടതുവശം ചേർന്നുനിന്ന മണ്ഡലമാണ് അരൂർ. ഒൻപത് തവണ കെ ആർ ഗൗരിയമ്മയെ ജയിപ്പിച്ചു വിട്ട നാട്. തോൽപ്പിച്ചത് എ എം ആരിഫ് ആണ്. 2006ൽ.  പിന്നെ ഹാട്രിക് അടിച്ചു മുന്നേറി എൽഡിഎഫ്. ഭൂരിപക്ഷം ജില്ലയിൽ ജി സുധാകരനും തോമസ് ഐസകിനും മുകളിൽ. പക്ഷെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ജയിച്ചിട്ടും സ്വന്തം മണ്ഡലത്തിൽ തോറ്റുപോയി എ എം ആരിഫ്. ഷാനിമോൾ ഉസ്മാൻ നേടിയത് 648 വോട്ടിന്റെ ലീഡ്. അതല്ല ഇനിയുള്ള അവസ്ഥയെന്നു ആരിഫ് തന്നെ പറയുന്നു. 

മത്സരിക്കാൻ താല്പര്യം അറിയിച്ചിട്ടുണ്ട് ഷാനിമോൾ ഉസ്മാൻ. എ എ ഷുക്കൂർ മുതൽ അനിൽ ബോസ് വരെ മണ്ഡലം ആഗ്രഹിക്കുന്നവർ ഏറെയുണ്ട്. പക്ഷെ ഈഴവ പ്രതിനിധ്യം മുഖ്യപരിഗണന ആകുന്ന മണ്ഡലത്തിൽ സാധ്യത ഡിസിസി അധ്യക്ഷൻ എം ലിജുവിനാണ്. മറുപക്ഷത് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറിൽ തുടങ്ങി ഡിഫി നേതാവ് മനു സി പുളിക്കൻ വരെ പരിഗണന പട്ടികയിൽ ഉണ്ട്. മത്സ്യഫെഡ് ചെയർമാൻ പിപി ചിത്രഞ്ജന് പ്രഥമ പരിഗണന ലഭിക്കുമെന്നാണ് കിംവദന്തി. ബിഡിജെഎസ് മത്സരിക്കുന്ന എന്‍ഡിഎ സീറ്റിൽ സ്ഥാനാർഥി ആരെന്ന ചർച്ചകൾ അനുദ്യോഗികമായി പോലും തുടങ്ങിയിട്ടില്ല.