മൊബൈല്‍ ഫോണെന്നാല്‍ ‘ചീത്ത’ സാധനമല്ല; പോരാട്ടം ജയിച്ച ആ പെണ്‍കുട്ടി ഇതാ

കോളജ് ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനായി നിയമപോരാട്ടം നടത്തിയത് സമൂഹത്തിലെ തെറ്റിധാരണകള്‍ മാറ്റാനാണെന്ന് വിദ്യാര്‍ഥിനി ഫഹീമാ ഷിറിന്‍. മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ ദുരുപയോഗം ചെയ്യുമെന്ന് ചിന്തിക്കുന്നവരെയും ദുരുപയോഗം ചെയ്യുന്ന കുട്ടികളെയും ബോധവത്ക്കരിക്കാനായിരുന്നു നിയമപോരാട്ടം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള വിദ്യാഭ്യാസവും വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്ന് ഫഹീമയുടെ പിതാവ് പറയുന്നു.

കോഴിക്കോട് വടകര സ്വദേശിനിയായ ഫഹീമാ ചേളന്നൂര്‍ എസ്.എന്‍. കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ്. മൊബൈല്‍ ഫോണ്‍ വിലക്കിനെതിരെ പ്രതികരിച്ച് ഹോസ്റ്റലില്‍നിന്ന് പുറത്തായി. പരസ്യമായി പിന്തുണയ്ക്കാന്‍ സഹപാഠികളും അധ്യാപകരും തയ്യാറായില്ല. മൊബൈലും ഇന്റര്‍നെറ്റും തടയുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി വിധി നേടിയതോടെ താനായിരുന്നു ശരിയെന്ന് തെളിയിക്കപ്പെട്ടു. 

സഹപാഠികളും അവരുടെ മാതാപിതാക്കളും വിലക്ക് അംഗീകരിച്ച് മുന്നോട്ട് പോയെങ്കിലും ഫഹീമയും കുടുംബവും നിയമപോരാട്ടത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തത്. പരീക്ഷകള്‍ പൂര്‍ത്തി ആയാല്‍ കോടതി വിധിയുമായി ഹോസ്റ്റലില്‍ പ്രവേശിക്കാനാണ് ഫഹീമയുടെ തീരുമാനം.