സ്കൂട്ടറിൽ നിന്നും തെറിച്ചു വീണു; എംഎൽഎയുടെ സഹോദരി ബസ് കയറി മരിച്ചു

റോഡിൽ അലഞ്ഞു തിരിഞ്ഞിരുന്ന, മനോദൗർബല്യമുള്ളയാളെ ഇടിക്കാതിരിക്കാൻ വെട്ടിക്കുമ്പോൾ സ്കൂട്ടറിൽ നിന്നു റോഡിലേക്കു തെറിച്ചു വീണ വീട്ടമ്മ പിന്നിലെത്തിയെ സ്വകാര്യ ബസ് ദേഹത്തുകയറി മരിച്ചു. കോങ്ങാട് എംഎൽഎ കെ.വി.വിജയദാസിന്റെ  സഹോദരിയും കുഴൽമന്ദം കളപ്പെട്ടി പേഴുങ്കാട് വിജയകുമാറിന്റെ ഭാര്യയുമായ കെ.വി.ജലജ (49) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷം 2.40നു മരുതറോഡ് ദേശീയപാതയിലാണ് അപകടം.

ജലജയുടെ ഉടമസ്ഥതയിൽ പുതുശ്ശേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണു ദുരന്തം. വാളയാറിൽ നിന്നു പാലക്കാട്ടേക്കു പോയ സ്വകാര്യ ബസാണ് ഇടിച്ചത്. മനോദൗർബല്യമുള്ള അജ്ഞാതനെ ഒരാഴ്ചയിലേറെയായി ദേശീയപാതയോരത്തു കാണാറുണ്ടെന്നു സമീപവാസികൾ പറയുന്നു. ഇന്നലെ ഇയാൾ പൊടുന്നനെ ജലജയുടെ സ്കൂട്ടറിനു മുന്നിലേക്കു ചാടുകയായിരുന്നെന്നു  പൊലീസ് അറിയിച്ചു.

പിന്നിലെത്തിയ ബസിന്റെ ചക്രങ്ങൾ ദേഹത്തു കയറിയിറങ്ങി. ജലജയെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടർന്നു ദേശീയപാതയിൽ അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ജലജയുടെ ഭർത്താവ് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസ് മെയിൽസ് വിഭാഗം സൂപ്പർ വൈസറാണ്. ഇവിടെയുള്ള ക്വാർട്ടേഴ്സിലാണു കുടുംബം താമസം. മക്കൾ: അനുഷ, ആദർശ്. സംസ്കാരം ഇന്നു11നു ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.