വനിതാ ‍ഡോക്ടറുടെ പരാതി; മകന് ചികിത്സ തേടിയെത്തിയ പിതാവ് അറസ്റ്റിൽ

ഏഴ് വയസുകാരനായ മകന് ചികില്‍സ തേടിയെത്തിയ പിതാവ് വനിത ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റില്‍. കോഴിക്കോട് ഉള്ള്യേരി സ്വദേശി ഷൈജുവാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്റെ പേരില്‍ പിടിയിലായത്. എന്നാല്‍ പൊലീസ് ചിലരുടെ നിര്‍ദേശപ്രകാരം ബോധപൂര്‍വം കൂടിയ വകുപ്പുകള്‍ ചുമത്തിയെന്നാണ് ഷൈജുവിന്റെ കുടുംബത്തിന്റെ പരാതി. 

ഓണക്കാലത്തായിരുന്നു സംഭവം. കടുത്ത പനിയെത്തുടര്‍ന്നാണ് മകന്‍ സൂര്യതേജസിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് കൊയിലാണ്ടിയിലെ ഡോക്ടറെക്കാണിക്കാന്‍ ഷൈജു എത്തിച്ചത്. മൂന്ന് നാല്‍പതോടെ ഒപി ടിക്കറ്റെടുത്തെങ്കിലും ആറ് മണിക്കാണ് ഡോക്ടറെ കാണാനായതെന്ന് ഷൈജുവിന്റെ കുടുംബം പറയുന്നു. ഇതിനിടയില്‍ ആശുപത്രി ജീവനക്കാരുടെ ശുപാര്‍ശയോടെ എത്തിയ നിരവധി രോഗികളെ ഡോക്ടര്‍ വേഗത്തില്‍ മരുന്ന് നല്‍കി മടക്കിഅയച്ചു. ഇത് ഷൈജു ചോദ്യം ചെയ്തു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടായി. ഇത് ഫേസ്ബുക്ക് ലൈവ് നല്‍കുകയും ചെയ്തു. മരുന്ന് വാങ്ങി മടങ്ങിയതിന്റെ അഞ്ചാംദിവസം കൊയിലാണ്ടി സ്റ്റേഷനിലേക്ക് ഷൈജുവിനെ വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വനിത ഡോക്ടര്‍ നല്‍കിയ പരാതി പ്രകാരമാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. അതിക്രമിച്ച് കയറി, അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തി, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മകന്‍ തീര്‍ത്തും അവശനായ സാഹചര്യത്തില്‍ ഡോക്ടറോടും ജീവനക്കാരോടും ഷൈജു കാര്യം ധരിപ്പിക്കുക മാത്രമാണുണ്ടായതെന്ന് ഭാര്യ പറയുന്നു.  

സംഭവം നടന്നതായി അറിയില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. ജോലിക്കിടെ ജീവനക്കാര്‍ക്കുണ്ടാകുന്ന ഏത് പ്രശ്നത്തിനും ഓഫിസ് വഴി പരാതി നല്‍കുന്നതാണ് പതിവ്. ഷൈജുവിന്റെ കാര്യത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ നേരിട്ടെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് ബോധപൂര്‍വം വിവിധ വകുപ്പുകള്‍ ചേര്‍ത്തതായും രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്നും ഷൈജുവിന്റെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ പരാതി നല്‍കിയ അതേ ഡോക്ടറാണ് ഷൈജുവിന്റെ മകനെ പരിശോധിച്ച് മരുന്ന് നല്‍കിയത്.