ഇന്റർവെന്‍ഷനല്‍ റേഡിയോളജി പ്രവർത്തനം നിലച്ചിട്ട് ഒരുമാസം; പ്രതിസന്ധി

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ  അടിയന്തര ചികില്‍സാ വിഭാഗമായ ഇന്റർവെന്‍ഷനല്‍ റേഡിയോളജിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു മാസം. രക്തക്കുഴലുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങള്‍ക്കമുള്ള ചികില്‍സയാണ് ഇതോടെ നിലച്ചത്. ഒരുമാസത്തിനിടെ അടിയന്തര ചികില്‍സ ആവശ്യമുള്ള അഞ്ഞൂറോളം   രോഗികള്‍ ചികില്‍സ കിട്ടാതെ മടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് ചികില്‍സക്കാവശ്യമായ ഉപകരണങ്ങളുടെ വിതരണം വിതരണക്കാര്‍ നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം.

തിരുവനന്തപുരം ശ്രീചിത്രകഴിഞ്ഞാല്‍ സര്‍ക്കാര്‍ മേഖലയില്‍ ഇന്‍റര്‍വെന്‍ഷനല്‍ റേഡിയോളജി ചികില്‍സയുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രമാണ്.രക്തക്കുഴല്‍ സംബന്ധമായതോ രക്തക്കുഴല്‍ വഴിയോ ചികില്‍സ ലഭ്യമാകുന്നതാണ് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി. പക്ഷാഘാതം, രക്തക്കുഴലിലെ തടസം, രക്തസ്രാവം, കരളിലുണ്ടാകുന്ന മുഴകള്‍ നശിപ്പിക്കല്‍,   ഉള്‍പ്പടെയുണ്ടായാല്‍ വളരെ പെട്ടന്ന് കുറഞ്ഞ സമയം കൊണ്ട് ചികില്‍സ നല്‍കാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ ഒരുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ  ഈ സംവിധാനം  പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ചികില്‍തേടി  ദൂരെനിന്നുപോലും എത്തുന്ന രോഗികള്‍ ചികില്‍സ കിട്ടാതെ മടങ്ങിപ്പോവുന്നു. സ്വകാര്യ ആശുപത്രിയെ സമീപിക്കാന്‍ കഴിയാത്തവരാണ് കൂടുതലും 

2018 ഒക്ടോബര്‍ മുതല്‍ 2 കോടിരൂപയാണ് ഇവിടുത്തേക്കാവശ്യമായ സ്റ്റെന്റ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. കാത്ത് ലാബിലേക്ക് സ്റ്റെന്‍ഡ് വാങ്ങിയ വകയില്‍  10 കോടി രൂപ ഇനിയും നല്‍കാനുണ്ട്.