രുചിപ്പെരുമയും വരുമാനവും തീർത്ത് മുരുകൃഷി; പുത്തൻ പ്രതീക്ഷകൾ

കാസര്‍കോട് ജില്ലയിലെ കല്ലുമ്മക്കായ കർഷകർക്ക് പുതിയ പ്രതീക്ഷയായി മുരുകൃഷി. കവ്വായി കായലിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ പുതിയ കൃഷി ആരംഭിച്ചിരിക്കുന്നത്. പരമ്പരാഗതമായ കല്ലുമ്മക്കായ കൃഷി നഷ്ടത്തിലായതോടെയാണ് കര്‍ഷകര്‍ മറ്റുവഴികള്‍ തേടുന്നത്.

കല്ലുമ്മക്കായയുടെ വിഭാഗത്തില്‍ പെടുന്ന ഭക്ഷ്യയോഗ്യമായ ജീവിയാണ് മുരു. കവ്വായി കായലിന്റെ അടിത്തട്ടിൽ ഇത് സുലഭമാണ്. ആദ്യമായാണ് കൃത്രിമ ആവാസ്ഥ വ്യവസ്ഥയുണ്ടാക്കി മുരു കൃഷി ചെയ്യുന്നത്. പ്രദേശത്തെ കല്ലുമ്മക്കായ കൃഷിക്ക് ചുക്കാന്‍ പിടിച്ചിരുന്ന വിജയനാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാണ് കൃഷി.

മലിനമാകാത്ത ഒഴുകുന്ന ഉപ്പുവെള്ളത്തിലാണ് മുരു സമൃദ്ധമായി വളരുക. ഇറച്ചി എടുത്ത ശേഷം തോട് കയറിൽ കെട്ടി കായലിൽ ഇറക്കുക എന്നത് മാത്രമാണ് കൃഷിക്ക് ചെയ്യേണ്ടത്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിൽ മുരുവിന്റെ വിത്ത് ധാരാളമായി കടലിൽ നിന്നും കായലിലേക്ക് ഒഴുകി എത്തും. ഇവയ്ക്ക് ഒട്ടിച്ചേർന്ന് വളരാനുള്ള ഒരു മാധ്യമമാണ് ഈ തോടുകള്‍. കൃഷി ആരംഭിക്കാന്‍ ചെറിയ മുതല്‍ മുടക്ക് മതി. എന്നാൽ വിളവെടുപ്പിന് ചെലവേറും. തോട് പൊട്ടിച്ച് മുരുവിറച്ചി പുറത്തിറക്കുക എന്നത് ശ്രമകരമായ ജോലിയാണ്. നിലവിൽ 250 മുതൽ 300 വരെയാണ് ഇറച്ചിയുടെ വില.