പൂവം നിവാസികളെ പൂര്‍ണമായി കയ്യൊഴിഞ്ഞ് സര്‍ക്കാർ; റോഡില്ലാതെ ദുരിതം

ചങ്ങനാശേരി പൂവം നിവാസികളെ പൂര്‍ണമായി കയ്യൊഴിഞ്ഞ് ജനപ്രതിനിധികളും സര്‍ക്കാരും. മഹാപ്രളയത്തിന്‍റെ കെടുതികളില്‍നിന്ന് കരയകയറാന്‍ കഷ്ടപ്പെടുന്ന നാട്ടുകാര്‍ക്ക് ഗതാഗതയോഗ്യമായ ഒരു റോഡുപോലും ഇല്ല. പൂവം സര്‍ക്കാര്‍ യുപി സ്കൂളിലെ കുട്ടികള്‍ ജീവന്‍പണയംവച്ചാണ് ഇതുവഴി യാത്രചെയ്യുന്നത്. 

ചങ്ങനാശേരി നഗരത്തോട് ഏറെ അടുത്തുകിടക്കുന്ന പ്രദേശമാണ് പൂവം. പായിപ്പാട് പഞ്ചായത്തിലെ പതിനാറാംവാര്‍ഡ്. അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന, നാലുവശവും വെളളത്താല്‍ ചുറ്റപ്പെട്ട ഈ ദേശത്തെനാട്ടുകാര്‍ ഗതാഗതയോഗ്യമായ റോഡ് സ്വപ്നംകാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പെരുന്നയില്‍നിന്ന് പൂവത്തേക്കുള്ള വഴി ടാര്‍ചെയ്തിട്ട് പതിമൂന്നുവര്‍ഷം കഴിഞ്ഞു. ഒരിക്കല്‍പോലും ഉപയോഗിക്കാനാകാതെ കിടക്കുന്ന പാലത്തിന് സമാന്തരമായി നിര്‍മിച്ച ഈ റോഡില്‍ ഏതാനും വര്‍ഷങ്ങള്‍മുന്‍പ് പൂട്ടുകട്ടപാകിയിരുന്നു. പക്ഷെ, ഇപ്പോളിതുവഴി കാല്‍നടയാത്രപോലും ദുസ്സഹം. 

പൂവം സര്‍ക്കാര്‍ യുപി സ്കൂളിലെ കുട്ടികള്‍ ആശ്രയിക്കുന്ന പാതകൂടിയാണിത്. പ്രധാനമായും എ.സി കോളനിയിലെ കുട്ടികള്‍ . ഒരു വാഹനത്തിന് മാത്രം കടന്നുപോകാനാകുന്ന പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെയുളള കുട്ടികളുടെ യാത്രയും അപകടംപിടിച്ചതാണ്. 

പ്രളയകാലത്ത് പൂര്‍ണമായി മുങ്ങിപ്പോയപ്രദേശമാണെങ്കിലും, വേണ്ടത്ര പരിഗണന ജനപ്രതിനിധികളോ സര്‍ക്കാരോ ഇവിടേക്ക് നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ, ദുരിതമനുഭവിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥികളെയടക്കം അണിനിരത്തി പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പൂവം നിവാസികള്‍ .