നടപ്പാലം പ്രളയമെടുത്തു; റയിൽപ്പാലത്തെ ആശ്രയിച്ച് രണ്ട് ഗ്രാമങ്ങൾ

പ്രളയത്തില്‍ നടപ്പാലം തകര്‍ന്നതോടെ ജീവന്‍ പണയംവച്ച് റയില്‍പ്പാലത്തിലൂടെ  നടന്ന് രണ്ട് ഗ്രാമങ്ങള്‍. കോഴിക്കോട് കോരപ്പുഴ പാലത്തിലൂടെയാണ് ഇരുകരകളിലുമുള്ള നൂറോളം കുടുംബങ്ങള്‍ നടക്കുന്നത്. പരിഹാരംതേടി മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് കലക്ടറേറ്റില്‍ ചര്‍ച്ച നടക്കും.

ദേശീയപാതയിലെ കോരപ്പുഴ പാലം പൊളിച്ചപ്പോഴാണ് നാട്ടുകാര്‍ക്ക് നടക്കാനായി താല്‍ക്കാലിക നടപ്പാലം നിര്‍മിച്ചത്. പ്രളയത്തില്‍ ഈ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുപോയി. ഇതോടെ തകര്‍ന്നഭാഗങ്ങള്‍ പൂര്‍ണമായും എടുത്ത് മാറ്റാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. 

ഇപ്പോള്‍ നാട്ടുകാരുടെ ആശ്രയം ട്രയിനുകള്‍ ചീറി പായുന്ന പാതയാണ്. കോരപ്പുഴയിലുള്ളവരും എലത്തൂരുള്ളവരും ട്രയിന്‍ സമയം നോക്കിയാണ് യാത്രകള്‍ ക്രമീകരിക്കുന്നത്. ചിലപ്പോള്‍ കണക്കുകൂട്ടല്‍ തെറ്റിച്ച് ചരക്കുട്രയിനുകള്‍ പാഞ്ഞുവരും. ബസില്‍ പോകണമെങ്കില്‍ അരകീലോമീറ്റര്‍ ചുറ്റിയാലെ പുഴ മുറിച്ച് കടക്കാന്‍ സാധിക്കു.