ഇനി അഡ്വക്കേറ്റ് ടി പി സെൻകുമാർ; എൻറോൾമെന്റ് ഇന്ന്

നിയമപോരാട്ടത്തിലൂടെ പിണറായി സര്‍ക്കാരിനെ മുട്ടുകുത്തിച്ച മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അഭിഭാഷകനാകുന്നു. എന്‍‍റോള്‍മെന്റ് ഇന്ന് കൊച്ചിയില്‍ നടക്കും. എപ്പോഴെങ്കിലും ഐപിഎസില്‍ നിന്ന് പുറത്തുപോകേണ്ടി വന്നാല്‍, ജീവിതമാര്‍ഗം കണ്ടെത്താന്‍ സര്‍വീസിന്റെ ആദ്യകാലത്തേ എല്‍എല്‍ബി പഠിച്ചതാണെന്ന് സെന്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

സര്‍ക്കാരിനെ വെല്ലുവിളിച്ച് സുപ്രീംകോടതി വരെ കേസ് നടത്തി പൊലീസ് മേധാവിക്കസേരയില്‍ തിരിച്ചെത്തിയ സെന്‍കുമാറിനെ പിന്നെ കാത്തിരുന്നത് കേസുകളുടെ പരമ്പരയാണ്. പലതും കോടതി ഇടപെട്ട് തള്ളിക്കളഞ്ഞെങ്കിലും ചിലതെല്ലാം ബാക്കിയുണ്ട്. അങ്ങനെ കോടതി വ്യവഹാരം ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അഭിഭാഷകവൃത്തിയും ഒരുമിച്ചുപോകും. 

25 വര്‍ഷം മുന്‍പ് ഗവര്‍ണറുടെ എഡിസി ആയിരിക്കെ എല്‍എല്‍ബി പഠിച്ച് പാസായിരുന്നു. സര്‍വീസിന്റെ അവസാനകാലത്ത് ഉണ്ടായത് സെന്‍കുമാര്‍ മുന്‍പെ കണ്ടിരുന്നുവെന്ന് തോന്നും ഈ വാക്കുകള്‍ കേട്ടാല്‍. 

വക്കീല്‍ ആകാതെയും ഗൗണ്‍ ഇടാതെയും ഹൈക്കോടതിയില്‍ വാദിച്ച അനുഭവവുമുണ്ട് തനിക്കെന്നും അദ്ദേഹം വെളിപ്പെടുത്തി. സര്‍വീസ് സ്റ്റോറിയുടെ രണ്ടാംഭാഗം ഉടന്‍ പുറത്തിറങ്ങും. സ്വന്തം അനുഭവങ്ങളെ ആധാരമാക്കി വേറെയും പുസ്തകങ്ങള്‍ തയ്യാറാകുന്നു. പൊതുപരിപാടികളുെട തിരക്കുകളുമുണ്ട്. ഇതിനിടെയാണ് വക്കീല്‍ ഗൗണും അണിഞ്ഞ് സെന്‍കുമാര്‍ കൂടുതല്‍ സജീവമാകുന്നത്.