പ്രതി റാങ്ക് ലിസ്റ്റിൽ ഒന്നാമത്; വീണ്ടും പരീക്ഷ നടത്തണമെന്ന് സെൻകുമാർ; വിവാദം

വധശ്രമക്കേസിലെ പ്രതികൾ പൊലീസ് നിയമന റാങ്ക് പട്ടികയിൽ മുന്നിലെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ റാങ്ക് പട്ടിക റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നു മുൻ ഡിജിപി ടി.പി.സെൻകുമാർ. യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ പൊലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടംപിടിച്ച വാർത്ത ഇന്ന് പുറത്തുവന്നിരുന്നു.യൂണിവേഴ്സിറ്റി കോളജില്‍ തന്നെ പരീക്ഷ എഴുതാന്‍ അനധികൃത സൗകര്യം ഒരുക്കിക്കൊടുത്തുവെന്ന ആക്ഷേപത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. പിഎസ്‌സിയെ സമീപിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.

ഒന്നാം പ്രതി റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയതു സംശയകരമാണെന്നും സെൻകുമാർ പറയുന്നു. കണ്ണൂര്‍ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഒന്നാം തീയതിയാണ് പിഎസ്‌സി റാങ്ക് പട്ടികയിൽ പുറത്തിറക്കിയത്. പട്ടികയിൽ ഒന്നാം റാങ്ക് അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ആര്‍.ശിവരഞ്ജിത്തിനാണ്. 28ാം റാങ്ക് കേസിലെ രണ്ടാം പ്രതി എ.എന്‍.നസീമിനും. ക്രിമിനലുകളുടെ കൂട്ടമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ച എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയിലെ അംഗമാണു രണ്ടാം റാങ്കുകാരന്‍ പി.പി.പ്രണവ്. രാഷ്ട്രീയ സ്വാധീനത്തിലാണ് ഇവര്‍ക്കു യൂണിവേഴ്സിറ്റി കോളജില്‍ പരീക്ഷ എഴുതാന്‍ അവസരം കിട്ടിയതെന്നും കോപ്പിയടിച്ചാണ് ഉയര്‍ന്ന മാര്‍ക്ക് നേടിയതെന്നുമാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് പിഎസ്‌സിയെ സമീപിച്ച് ഇവരുടെ ഹാള്‍ടിക്കറ്റുകളടക്കം പരിശോധിക്കാന്‍ രഹസ്യാന്വേഷണവിഭാഗം തീരുമാനിച്ചത്.

നിയമനത്തിനു മുൻപ് ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം ആഭ്യന്തരവകുപ്പിനെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ ശിവര‍ഞ്ജിത്തിന് പിഎസ്‌സി പരീക്ഷയില്‍ 78.33 മാര്‍ക്കാണു ലഭിച്ചത്. സ്പോര്‍ട്സിലെ വെയിറ്റേജ് മാര്‍ക്കായി 13.58 മാര്‍ക്ക് ഉള്‍പ്പെടെ 91.91 മാര്‍ക്ക് കിട്ടി. രണ്ടാം പ്രതിയും കോളജ് യൂണിറ്റ് സെക്രട്ടറിയുമായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 65.33 മാര്‍ക്കോടെയാണ് 28ാം റാങ്കുകാരനായത്. പാളയത്ത് പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയാണ് നസീം. എസ്എഫ്ഐ നേതാക്കൾ പിഎസ്‌സി റാങ്ക് പട്ടികയിൽ മുന്നിൽ എത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാവുകയാണ്.