‘അറബി പഠിച്ചാലേ അമ്പലത്തിൽ ഇനി ജോലി കിട്ടൂ’; തെറ്റിദ്ധരിപ്പിച്ച് സെൻകുമാർ; പ്രതിഷേധം

'അറബി പഠിച്ചാലേ അമ്പലത്തിൽ ഇനി ജോലി കിട്ടൂ, സംസ്കൃതം പഠിക്കാൻ പാടില്ല' മുൻ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെന്‍കുമാർ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണിത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു വിഞ്ജാപനവും അദ്ദേഹം ഇതിെനാപ്പം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ പോസ്റ്റിട്ടതിന് പിന്നാലെ വൻരോഷമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. അധ്യാപകരുടെ ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചുകൊണ്ടുള്ള വിഞ്ജാപനമാണ് തെറ്റിദ്ധരിപ്പിക്കുന്ന തലവാചകത്തോടെ സെൻകുമാർ പങ്കുവച്ചിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന് കീഴിലുള്ള എയ്ഡഡ് ഹൈസ്കൂളുകളിലേക്കും യുപി സ്കൂളുകളിലേക്കും അധ്യാപകരെ വിളിച്ചുകൊണ്ട് പുറത്തിറക്കിയ വിഞ്ജാപനമാണ് ഇത്. ഇത് ആ നോട്ടീസിൽ തന്നെ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. മലയാളം, കണക്ക്, സയൻസ്, മ്യൂസിക് തുടങ്ങി പല തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.. അതിൽ അറബി അധ്യാപകന്റെ ഒഴിവിലേക്കും അപേക്ഷ ക്ഷണിക്കുന്നുണ്ട്. ഇതിൽ അറബി എന്ന വാക്കിന് അടിവരയിട്ടാണ് സെൻകുമാർ പോസ്റ്റിട്ടിരിക്കുന്നത്.ഇതിനെ വിമർശിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.