പെൺകുട്ടികൾ ഉറങ്ങുന്നത് ബോയ്സ് ഹോസ്റ്റലിൽ; നിറയെ കോണ്ടങ്ങൾ; ജെഎൻയുവിനെതിരെ ടിപി സെൻകുമാർ

ഡല്‍ഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ടി പി സെൻകുമാർ. യൂണിവേഴ്സിറ്റി ക്യാംപസ് ഗർഭനിരോധന ഉറകൾ കൊണ്ട് നിറഞ്ഞതാണെന്നും പെൺകുട്ടികൾ ഉറങ്ങുന്നത് ആൺകുട്ടികളുട ഹോസ്റ്റലിലാണെന്നും സെൻകുമാർ പറഞ്ഞതായി ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട്. 

ജെഎൻയുവിൽ ആൺകുട്ടികളുടെ ശുചിമുറിയിൽ നിന്ന് പെൺകുട്ടികൾ ഇറങ്ങി വരുന്നത് താൻ നാൽപത് വർഷം മുൻപ് കണ്ടിട്ടുണ്ടെന്നും സെൽകുമാർ വ്യക്തമാക്കുന്നു. ഇന്നത്തെ കാലത്ത് സ്ത്രീകൾ മുടികെട്ടുന്നതുപോലും കോണ്ടം ഉപയോഗിച്ചാണ്. ഇത്തരം സർവകലാശാലകൾ നമുക്ക് ആവശ്യമുണ്ടോ എന്നും സെൻകുമാര്‍ ചോദിക്കുന്നു.

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള നടത്തിയ ഭരണഘടനയും ജനാധിപത്യവും എന്ന ദേശീയ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടയിൽ ഒരു കുട്ടി ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർദ്ധനയെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യം ഉന്നയിച്ചു. ഇതിന് മറുപടിയായാണ് ജെഎൻയു സർവകലാശാലയ്ക്കെതിരെ മുന്‍ ഡിജിപി തുറന്നടിച്ചത്.

 ഭരണഘടനയുടെ 29, 30 അനുച്ഛേദപ്രകാരം ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനുള്ള അവകാശം ഉണ്ട്. ഇത് എടുത്തുകളയേണ്ടതാണ്. ഇത് ഭൂരിപക്ഷ ന്യൂനപക്ഷ വേര്‍തിരിവുകൾക്ക് കാരണമാകുന്നു. ന്യൂനപക്ഷങ്ങൾ പണമുപയോഗിച്ച് ഹിന്ദുക്കളെ മതം മാറ്റുന്നുവെന്നും ഹിന്ദുക്കൾക്ക് ഒരിക്കലും ന്യൂനപക്ഷമാകേണ്ട എന്നും സെൻകുമാർ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.