ഇനി ഷർജീലുമാർ ഉണ്ടാകരുത്; കൈ വെട്ടണം: ജെഎന്‍യു വിദ്യാര്‍ഥിക്കെതിരെ ശിവസേന

ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിനെതിരെ രൂക്ഷവിമർശനവുമായി ശിവസേനയുടെ മുഖപത്രമായ സാംന രംഗത്ത്. കഴിഞ്ഞദിവസം ഷർജിലിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് മുഖപത്രമായ സാംനയുടെ എഡിറ്റോറിയലില്‍ ശിവസേനയുടെ വിമർശനം.

ഷർജീലിന്റെ കൈ വെട്ടി ചിക്കൻ നെക്ക് കോറിഡോറിൽ പ്രദർശിപ്പിക്കണം. ഷർജീലിന്റെ പ്രസ്താവനകൾ ഹിന്ദു-മുസ്ലിം ബന്ധം കൂടുതൽ വഷളാക്കാനെ ഉപകരിച്ചുള്ളുവെന്നും സാമ്ന കുറ്റപ്പെടുത്തുന്നു. ഷര്‍ജീല്‍ ഇസ്‌‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തത്. ഷർജീലിനെ പോലെയുള്ള അർബൻ നക്സലുകൾ ഇനി ഇവിടെ ഉണ്ടാകാൻ പാടില്ല. ബിജെപിക്ക് തിര‍ഞ്ഞെടുപ്പിന് പറ്റിയ പ്രചരണായുധം നൽകാൻ മാത്രമെ ഈ വാക്കുകൾ ഉപകരിക്കൂ. ഷർജീലിന്റെ പരാമര്‍ശം ഇന്ത്യവിരുദ്ധവും-വിഘടനപരവുമാണെന്ന് മുഖപത്രം കുറ്റപ്പെടുത്തുന്നു.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ അലിഗഡ് മുസ്ലിം സർവകലാശാലയിലും ജാമിയ മിലിയ സർവകലാശാലയിലും ഷർജീൽ നടത്തിയ പ്രസംഗങ്ങൾ വിവാദമായിരുന്നു.

ഡൽഹിക്ക് പുറമെ ഉത്തർപ്രദേശ്, അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലും ഷർജീലിനെതിരെ കേസുണ്ട്. യുഎപിഎയാണ് അസം പൊലീസ് ചുമത്തിയിരിക്കുന്നത്. ഡൽഹി പൊലീസും ബിഹാർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഷർജീലിനെ അറസ്റ്റ് ചെയ്തത്.