ജാമിയയില്‍ മൂകസാക്ഷി, ജെഎൻയുവിൽ നോക്കുകുത്തി; ഡല്‍ഹി പൊലീസിനെതിരെ മുന്‍ മേധാവി

ഡല്‍ഹി പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മേധാവി നീരജ് കുമാര്‍. ജാമിയയില്‍ യുവാവ് വെടിവച്ചപ്പോള്‍ നോക്കിനിന്നത് പൊലീസിന്റെ വീഴ്ചയാണെന്ന് നീരജ് കുമാര്‍ മനോരമന്യൂസിനോട് തുറന്നടിച്ചു. ജെ.എന്‍.യു അക്രമം നേരിടുന്നതില്‍ പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ച സംഭവിച്ചു. ജാമിയയിലെ അതിക്രമം പൊലീസിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും നീരജ്കുമാര്‍ പറഞ്ഞു. 

ജാമിയയില്‍ യുവാവ് വെടിവയുതിര്‍ക്കുമ്പോള്‍ മൂകസാക്ഷി, ജെ.എന്‍.യുവിലെ മുഖംമൂടി ആക്രമണത്തില്‍ നോക്കുകുത്തി. ഡല്‍ഹി പൊലീസിനെതിരെ പൊതുസമൂഹത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് മുന്‍ മേധാവി നീരജ് കുമാര്‍ ശക്തമായ വാക്കുകളുമായി രംഗത്തെത്തുന്നത്. പൊലീസിന്റെ നടപടികളില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് നീരജ് കുമാര്‍ മനോരമന്യൂസിനോട് പറഞ്ഞു. 

ജാമിയയിലും ജെ.എന്‍.യുവിലും പൊലീസ് പ്രവേശിച്ചതില്‍ തെറ്റില്ല. പക്ഷേ ലൈബ്രറിയില്‍ കയറി സ്ത്രീകളെ ആക്രമിച്ചത് പൊലീസിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി. ജെ.എന്‍.യു മുഖംമൂടി ആക്രമണത്തില്‍ ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ചയുണ്ടായി. 

അഭിഭാഷക–പൊലീസ് സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് സ്വന്തം മേധാവിമാര്‍ക്കെതിരെ പൊലീസ് സമരം ചെയ്തത് സേനയില്‍ എല്ലാം ശുഭകരമല്ലെന്ന സൂചനയാണ് നല്‍കുന്നതെന്നും നീരജ് കുമാര്‍ തുറന്നടിച്ചു.