ചമ്പക്കര കനാലിലെ‍ ചര‍ക്കുനീക്കം നിലച്ചു; ഫാക്ടറി പ്രവര്‍ത്തനമടക്കം പ്രതിസന്ധിയിൽ

ദേശീയ ജലപാതയായ കൊച്ചി ചമ്പക്കര കനാലിലെ‍ ചര‍ക്കുനീക്കം നിലച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാലും ഗര്‍‍ഡര്‍ നീക്കം ചെയ്യാത്തതിനാലും ചമ്പക്കര പുതിയ 

പാലത്തിന് കീഴിലൂടെ ബാര്‍ജുകള്‍ക്ക് കടക്കാനാകുന്നില്ല.  കഴിഞ്ഞ അഞ്ചുദിവസമായി അസംസ്കൃത വസ്തുക്കള്‍ ലഭിക്കാതെ പൊതുമേഖലാ സ്ഥാപനമായ 

ഫാക്ടിന്റെ പ്രവര്‍ത്തനമടക്കം ഇതോടെ പ്രതിസന്ധിയിലായി.. ദേശീയ ജലപാത മൂന്നിന്റെ ഭാഗമായ കൊച്ചി ചമ്പക്കര കനാലിലെ കാഴ്ചയാണിത്. പുതിയ പാലത്തിന്റെ നിര്‍മാണത്തിനായി കനാലിന്‍റെ രണ്ടുവശത്തു

ഉണ്ടാക്കിയ മണ്‍ബണ്ടുകള്‍മൂലം നടുവില്‍ അതിശക്തമായ ഒഴുക്ക്. മുകളില്‍ ഇരുമ്പ് ഗര്‍ഡര്‍. ഇതുരണ്ടുമാണ് ഇതുവഴിയുള്ള ചരക്ക് ഗതാഗതം 

തടസപ്പെടുത്തിയത്. ഫാക്ടിലേക്കുള്ള അസംസ്കൃത വസ്തുക്കളായ അമോണിയ, റോക്ക് ഫോസ്ഫേറ്റ്, സള്‍ഫേറ്റ് എന്നിവയെത്തിച്ചിരുന്ന ബാര്‍ജുകള്‍ക്ക് 

ഇപ്പോള്‍ ഇതുവഴി കടന്നുപോകാനാകുന്നില്ല. ചരക്ക് നീക്കം സാധ്യമല്ലാത്തതിനാല്‍ ബാര്‍ജുകള്‍ അമ്പലമുകളിലും മറ്റ് സ്ഥലങ്ങളിലും 

നിര്‍ത്തിയിട്ടിരിക്കുകയാണ്. പാലം നിര്‍മാണത്തിനുശേഷം പൊളിച്ചുനീക്കേണ്ട ബണ്ടും ഗര്‍ഡറും നിര്‍മാണക്കമ്പനി നീക്കം ചെയ്യാതിരുന്നതാണ് ചരക്കുനീക്കം നിലയ്ക്കാന്‍ കാരണം.

പാലം നിര്‍മാണത്തിനായി ആറുമാസമാണ് കനാലിലെ വെള്ളം തിരിച്ചുവിടാന്‍ ഉള്‍നാടന്‍ ജലപാതാ അതോറിറ്റി അനുമതി നല്‍കിയിരുന്നത്. 

പ്രതിസന്ധിയെക്കുറിച്ച് കെ.എം.ആര്‍.എല്ലിനെ വിവരമറിയിച്ചിട്ടുണ്ടെന്ന് ഫാക്ട് അധികൃതര്‍ അറിയിച്ചു.