പരാതി പറയാൻ അവസരം നൽകിയില്ല; മുഖ്യമന്ത്രിയുടെ കവളപ്പാറ സന്ദർശനം വിവാദത്തിൽ

കവളപ്പാറയിലെ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ രാഷ്ട്രീയ വിവാദം. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ ദുരിതാശ്വാസ ക്യാംപിലും മറ്റാര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന ആക്ഷേപവുമായി യുഡിഎഫ് നേതൃത്വം രംഗത്ത്

പോത്തുകല്ല് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രിയല്ലാതെ ജനപ്രതിനിധികൾക്കാർക്കും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അവസരം നൽകാത്തതിലാണ് യു.ഡി.എഫ് എം.എൽ.എമാരുടെ പ്രതിഷേധം. നിലമ്പൂർ എം.എൽ.എ പി.വി.അൻവറിന് പുറമെ പി.കെ.ബഷീർ, എം. ഉമ്മർ, ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം എന്നിവരും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണനും യോഗത്തിനുണ്ടായിട്ടും അഭിപ്രായങ്ങൾ പറയാൻ അവസരം നൽകിയില്ല.

കവളപ്പാറ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്ക് പരാതി ബോധിപ്പിക്കാൻ അവസരം നൽകിയില്ലെന്നും ആക്ഷേപമുയർന്നു. എന്നാൽ എം.എൽ.എമാരും ക്യാംപിൽ നാട്ടുകാരും മുഖ്യമന്ത്രിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്ന് പി.വി.അൻവർ എം.എൽ.എ പറഞ്ഞു.

കവളപ്പാറയിലെ ദുരിതാശ്വാസ ക്യാംപിലെ സന്ദർശനത്തിന് മുൻപ് ദുരന്ത മേഖലയിൽ മുഖ്യമന്ത്രി ആകാശനിരീക്ഷണം നടത്തിയിരുന്നു.