ഗവേഷകര്‍ക്ക് ആവേശമായി കുത്തുകല്ലുകൾ; നെടുങ്കണ്ടത്ത് കൂടുതൽ പരിശോധന

ശിലായുഗ മനുഷ്യർ വാനനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന കുത്തുകല്ലുകൾ ഇടുക്കി നെടുങ്കണ്ടത്ത്  കണ്ടെത്തി.നെടുങ്കണ്ടം ബിഎഡ് കോളജിലെ ഗവേഷക വിദ്യാർഥികളാണ്   കണ്ടെത്തലിനു പിന്നിൽ. കുത്തുകല്ലുകൾക്കു മൂവായിരം വർഷം പഴക്കമുണ്ട്.

നെടുങ്കണ്ടം  പോതമേട് പത്തേക്കർ ഭാഗത്ത് 2 ഏക്കർ വിസ്തൃതിയിലാണ് ശിലായുഗ  മനുഷ്യർ വാന നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന കുത്തുകല്ലുകൾ കണ്ടെത്തിയത്. ഗവേഷകനും നെടുങ്കണ്ടം ബിഎഡ് കോളജ് അസി. പ്രഫസറുമായ രാജീവ് പുലിയൂറിന്റെ നേതൃത്വത്തിലുള്ള  സംഘമാണ്  കണ്ടെത്തലിന് പിന്നിൽ .    

20 അടി ഉയരത്തിലും, 7 അടി വീതിയിലും , 5 അടി കനത്തിലുമാണു കുത്തുകല്ലുകൾ  നാല് മലകളുടെ മുകളിലായി  സ്ഥാപിച്ചിരിക്കുന്നത്.   മറയൂർ കാന്തല്ലൂർ മേഖലകളിലെ  ആദിമ സംസ്കൃതിയുടെ തുടർച്ചയാണ് ഇവയെങ്കിലും കേരളത്തിൽ മറ്റെവിടെയും കണ്ടെത്തിയിട്ടില്ലാത്ത വിധം വ്യത്യസ്ഥ നിർമിതിയാണിത്.

കേരള -തമിഴ്നാട്  അതിർത്തിയിൽ കണ്ടെത്തിയിട്ടുള്ള പുരാവസ്തു ശേഖരങ്ങൾ ഒന്നിച്ച് പരിശോധിക്കുവാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന്  കുടിയേറിയവരാകാം ഇവിടെ  കുത്ത്കല്ലുകൾ സ്ഥാപിച്ചതെന്ന വിലയിരുത്തലുകളുമുണ്ട്. വരും ദിവസങ്ങളിൽ മേഖലയിൽ കൂടുതൽ ഗവേഷണം  നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകർ.