'ഓപ്പറേഷൻ സേഫ് ഫുഡി'ന് തുടക്കം; പഴകിയ മീനും ഭക്ഷണവും പിടിച്ചെടുത്തു

വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ സേഫ് ഫുഡ് പദ്ധതിക്ക് തുടക്കം. തൃക്കാക്കര നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും മീനും പിടിച്ചെടുത്തു.

പടമുകൾ ജംക് ഷനിലെ ഹോട്ടലുകളിലും ഭക്ഷ്യോൽപന്ന വിൽപന കേന്ദ്രങ്ങളിലുമായിരുന്നു ആദ്യഘട്ട പരിശോധന. അടുക്കളകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങളും വൃത്തിയും സംഘം പരിശോധിച്ചു. പഴകിയ മീൻ പിടിച്ചെടുത്തതിനെ തുടർന്ന് റൈസ് ആൻഡ് ഫിഷ് ഹോട്ടലിന് അയ്യായിരം രൂപ പിഴയീടാക്കി.

ലൈസൻസില്ലായെന്ന് കണ്ടെത്തിയ റോയൽ ഫ്രഷ് ചിപ്സ് എന്ന സ്ഥാപനം പൂട്ടാൻ നിർദേശം നൽകി. പകർച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ ജില്ലയിലെ മുഴുവൻ തട്ടുകടകളിലും ഭക്ഷണ-പാനീയ വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്താൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകി. 

വിവിധ വകുപ്പുകൾ സംയുക്തമായി നടത്തുന്ന പരിശോധന വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപന പരിധികളിലും നടത്തും.  ഭക്ഷണ പാനീയങ്ങളുടെ നിലവാരം പരിശോധിക്കുന്നതോടൊപ്പം തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉണ്ടോയെന്നുള്ള കാര്യങ്ങളും പരിശോധിക്കും.