കാരുണ്യ ചികിത്സാ പദ്ധതി; ആരോഗ്യ വകുപ്പിന്റെ വാഗ്ദാനം പാളുന്നു

കാരുണ്യ പദ്ധതിപ്രകാരമുള്ള സൗജന്യ  ചികില്‍സ നീട്ടിനൽകുമെന്ന ആരോഗ്യവകുപ്പിന്റെ  വാഗ്ദാനം പലയിടത്തും പാലിക്കപ്പെടുന്നില്ല. നേരത്തെ പാസായ ഫണ്ട്  ഇനിയില്ല എന്ന  മറുപടിയാണ് രോഗികൾക്ക് ലഭിക്കുന്നത്.  തുടർ ചികില്‍സയുടെ കാര്യത്തിൽ പകച്ചുനിൽക്കുന്ന കാൻസർ രോഗികളിൽ ഒരാളാണ് വയനാട് പുൽപ്പള്ളിയിലെ ജോസഫ്. 

പുൽപ്പള്ളി സീതാമൗണ്ട് സ്വദേശിയായ  പാഴുപ്പള്ളി ജോസഫിന്  കൂലിപ്പണിയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി കാൻസർ രോഗത്തിന് ചികിത്സയിലാണ്. കാരുണ്യ പദ്ധതി പ്രകാരം ലഭിച്ച രണ്ടു ലക്ഷം രൂപയായിരുന്നു ആശ്വാസം. ഇതിൽ അറുപതിനായിരം രൂപയുടെ സൗജന്യ ചികിത്സ ലഭിച്ചു. 

കഴിഞ്ഞ ദിവസം തലശേരി മലബാർ കാൻസർ സെന്ററിൽ ചെന്നപ്പോൾ ഫണ്ട് പിൻവലിച്ചു എന്നാണ് ലഭിച്ച മറുപടി. കടം വാങ്ങിയും മറ്റുമാണ് ഇത്തവണ കീമോ ചെയ്തത്. അടുത്ത മാസം എട്ടാം തീയതി വീണ്ടും പോകണം. പക്ഷെ കയ്യിൽ പണമില്ലെന്ന് ജോസഫ് 

ചികിത്സാ പദ്ധതി നിർത്തിയത് കാരണം രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് സർക്കാർ വാദം. എന്നാൽ ജോസഫിനെ പോലുള്ള ആയിരക്കണക്കിന് രോഗികൾ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ആശുപത്രികൾക്ക് സർക്കാർ തീരുമാനത്തിൽ വ്യക്തതയുമില്ല.