'ഡൽഹിമെട്രോ'യെ കേരളത്തിനായി നൽകിയ നേതാവ്; ഷീലയുടെ കേരള ബന്ധം

സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു വൈസ്ചാന്‍സലറിനെ പുറത്താക്കുക എന്ന നടപടി കൈക്കൊണ്ട ഗവര്‍ണറാണ് ഷീല ദീക്ഷിത്. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കൊച്ചിമെട്രോയുടെ ചുമതല ഡിഎംആര്‍സിയെക്കൊണ്ട് ഏറ്റെടുപ്പിക്കുന്ന വലിയ തീരുമാനം  കൈക്കൊണ്ടത്.  

ഗവര്‍ണരായിരുന്നപ്പോള്‍ കേരളത്തിന് നല്‍കിയ സേവനത്തെക്കാള്‍ വലിയൊരു തീരുമാനം മലയാളികള്‍ക്കായി ഷീല ദീക്ഷിത് കൈക്കൊണ്ടത്  ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. ഡല്‍ഹിക്ക് പുറത്ത് സേവനം അനുവദനീയമല്ലാതിരുന്ന ഡല്‍ഹിമെട്രോയെക്കൊണ്ട് കൊച്ചിമെട്രോയുടെ ചുമതല ഏറ്റെടുപ്പിക്കുന്നതില്‍ ഷീല ദീക്ഷിത് നിര്‍ണായക പങ്കുവഹിച്ചു. അതുവഴി കേരളത്തിന്‍റെ വികസനത്തിന് വലിയ കുതിപ്പ് നല്‍കാനും കഴിഞ്ഞു. 

ആംആദ്മി പാര്‍ട്ടിക്ക് മുന്നില്‍ പരാജയം ഏറ്റുവാങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലയുടെ കേരള ഗവര്‍ണരായുള്ള നിയമനം. മുതിര്‍ന്ന നേതാവിന് അര്‍ഹമായ സ്ഥാനം നല്‍കാന്‍ യുപിഎ സര്‍ക്കാരെടുത്ത തീരുമാനമായിരുന്നു ഗവര്‍ണര്‍ പദവി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് തന്നെ നിയമനവും നല്‍കി. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് മുതിര്‍ന്ന നേതാക്കളുമായുള്ള സൗഹൃദവും  കണക്കിലെടുത്തായിരുന്നു കേരളത്തിലേക്ക് ഷീലയെ അയക്കാനുള്ള തീരുമാനം. സജീവ രാഷ്ട്രീയം വിട്ട് ഗവര്‍ണര്‍സ്ഥാനത്തേക്ക് ഒതുങ്ങാന്‍ വലിയ താല്‍പര്യമില്ലായിരുന്നെങ്കിലും , പാര്‍ട്ടി നേതൃത്വത്തിന്‍റെ സന്ദേശം മനസ്സിലാക്കി അവര്‍കേരളത്തിലേക്ക് എത്തുകയായിരുന്നു. കേരളത്തെ പരിചപ്പെട്ടു വരുന്നതിനിടയില്‍  സെപ്റ്റംബര്‍ നാലാം തീയതി അവര്‍ രാജിവെച്ചു. 

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുപിഎയും പരാജയം ഏറ്റുവാങ്ങുകയും ബിജെപി ഭരണത്തിലെത്തുകയും ചെയ്തതിന് തൊട്ടു പിന്നാലെ ഗവര്‍ണര്‍മാരെ സ്ഥാലം മാറ്റാനുള്ള തീരുമാനം വന്നു. അന്ന് ഷീല ദീക്ഷിത് ഉള്‍പ്പെടെ എട്ട് ഗവര്‍ണര്‍മാര്‍രാജി നല്‍കി. കേരള ഗവര്‍ണരായിരുന്നപ്പോള്‍ എം.ജി സര്‍വകലാശാല വിസി ഡോ.എ.വി.ജോര്‍ജിനെ  മതിയായ യോഗ്യതയില്ലെന്ന കാരണത്താല്‍ പുറത്താക്കുകയെന്ന അപൂര്‍വ്വ തീരുമാനത്തില്‍ ഷീലദീക്ഷിത് ഒപ്പുവെച്ചതും ചരിത്രത്തിന്‍റെ ഭാഗമാണ്.