തേങ്ങയിടാം ഇനി തെങ്ങിൽ കയറാതെ; മന്ത്രി പറഞ്ഞു; കുട്ടികൾ കേട്ടു

തെങ്ങില്‍ കയറാതെ തന്നെ തേങ്ങയിടാനും പട്ടവെട്ടാനും പ്രത്യേക യന്ത്രം കണ്ടുപിടിച്ച് വിദ്യാര്‍ഥികള്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് ആളില്ലാ തെങ്ങുക്കയറ്റ യന്ത്രം അവതരിപ്പിച്ചത്. 

കേര ഹാര്‍വെസ്റ്റര്‍ എന്നാണ് ഈ യന്ത്രത്തിന്‍റെ പേര്. കേര കര്‍ഷകരെ സഹായിക്കാനുള്ള യന്ത്രം. ഒരു റോബോട്ടിനെ പോലെ പ്രവര്‍ത്തിക്കും. തെങ്ങിന്‍റെ താഴെ നിന്ന് സാധാരണക്കാര്‍ക്കും ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കാം. ഒരു റിമോട്ടിന്‍റെ സഹായത്തോടെ. തെങ്ങിന്‍റെ തടിയ്ക്കനുസരിച്ച് യന്ത്രത്തിന്‍റെ വീലുകള്‍ മുറുകും. തെങ്ങിന്‍റെ മുകളില്‍ യന്ത്രം എത്തിയാല്‍ കാമറയിലൂടെ ദൃശ്യങ്ങള്‍ താഴെ നിന്ന് കാണാം. കൃത്യമായി പട്ട വെട്ടാനും തേങ്ങയിടാനും സാധിക്കും. എട്ടു കിലോയാണ് യന്ത്രത്തിന്‍റെ തൂക്കം. 14,000 രൂപയോളം ചെലവ് വരും. അശ്വിന്‍ അനില്‍, എവിന്‍ പോള്‍, ജോസഫ് കാഞ്ഞിരപ്പറമ്പില്‍, കിരണ്‍ ജോയ് കോനേങ്ങാടന്‍ എന്നീ വിദ്യാര്‍ഥികളാണ് ഇതു തയാറാക്കിയത്. മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥികളാണ്.

നാളികേര വിളവെടുപ്പിന് കര്‍ഷകരെ സഹായിക്കുന്ന ഒരു യന്ത്രം വികസിപ്പിച്ചെടുക്കാന്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ കോളജ് സന്ദര്‍ശിച്ചപ്പോള്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. മന്ത്രിയുടെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് യന്ത്രം വികസിപ്പിച്ചെടുത്തതത്.