ഉൽപാദന ചിലവ് പോലും കിട്ടുന്നില്ല; വിലയിടിഞ്ഞ് തേങ്ങ; പ്രതിസന്ധിയിൽ കർഷകർ

വിലയിടിഞ്ഞ് തേങ്ങ, പ്രതിസന്ധിയിലായി കർഷകർ. രണ്ട് മാസമായി പതിനാലര രൂപ മാത്രമാണ് തേങ്ങയ്ക്ക് കിട്ടുന്നത്. ഉൽപാദനത്തിനു ചെലവാകുന്നതു പോലും തിരികെ കിട്ടിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ടിവരുമെന്ന അവസ്ഥയിലാണ് കർഷകർ.

വർഷങ്ങളായി കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് അപ്പർ കുട്ടനാട് ഭാഗത്തുള്ളത്. പ്രധാനമായും നെല്ലും തേങ്ങയുമാണ് കൃഷി. എന്നാൽ 24 രൂപ വരെ കിട്ടിയിരുന്ന തേങ്ങയ്ക്ക് ഇപ്പോൾ പതിനാലര രൂപ മാത്രമാണ് കിട്ടുന്നത്. ഒരു തെങ്ങിൽ കയറാൻ നൽകേണ്ടത് 60 രൂപയും. കൂടെ വർധിക്കുന്ന വളത്തിൻ്റെ വിലയും. ഉൽപാദനത്തിന് ചെലവാകുന്നതെങ്കിലും തിരികെ കിട്ടാത്തതിനാൽ നാളികേര കൃഷി അവസാനിപ്പിക്കേണ്ട ഗതികേടിലാണ് കർഷകർ.

കാലാവസ്ഥാ മാറ്റം മൂലം തെങ്ങുകൾക്ക് ഉണ്ടാകുന്ന രോഗങ്ങളും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. തേങ്ങകൾ കേരഫെഡിൽ സംഭരിക്കുന്നത്തിനും ഒട്ടേറെ നൂലാമാലകൾ ഉള്ളതായും കർഷകർ പറയുന്നു. തമിഴ്നാട്ടിൽ നിന്നെത്തുന്ന തേങ്ങകളാണ് ഇപ്പോൾ സംസ്ഥാനത്ത് വിറ്റഴിയുന്നത്. ഇതും കേരളത്തിലെ തെങ്ങുകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്.