സപ്ലൈകോയില്‍ എം.ഡിയുടെ വാക്കിന് പുല്ലുവില; ഒഴിവാക്കപ്പെട്ടവർ ഇപ്പോഴും വിതരണക്കാര്‍

സപ്ലൈകോയില്‍ എം.ഡിയുടെ വാക്കിന് പുല്ലുവില. തൃശൂരില്‍ ബെനാമി പേരില്‍ റേഷന്‍ വാതില്‍പ്പടി വിതരണം നടത്തിയതിന്റ പേരില്‍ രണ്ടരമാസം മുമ്പ് എം.ഡി ഒഴിവാക്കിയവര്‍ ഇപ്പോഴും വിതരണക്കാരായി തുടരുന്നു. റീ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും ധാന്യവിതരണം മുടങ്ങാതിരിക്കാനെന്ന പേരില്‍ ബെനാമി ഇടപാടുകാരെത്തന്നെ തുടരാന്‍ അനുവദിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

ഇതാണ് ടെന്‍ഡര്‍ റദ്ദാക്കിക്കൊണ്ട് മേയ് രണ്ടിന് അന്നത്തെ സപ്ലൈകോ എം.ഡി ഇറക്കിയ ഉത്തരവ്. സപ്ലൈകോ വിജിലന്‍സ് വിഭാഗത്തിന്റ അന്വേഷണത്തിന്റ അടിസ്ഥാനത്തിലായിരുന്നു നടപടി. തൃശൂരിലെ ഏഴ് താലൂക്കുകളിലും പാലക്കാട്ടെ ഒരു താലൂക്കിലും  വാതില്‍പ്പടി വിതരണത്തിന്റ ടെന്‍‍ഡര്‍ നേടിയെടുക്കാന്‍  ഒരാള്‍ക്കുവേണ്ടി ബെനാമിപേരില്‍ പങ്കെടുത്തത് മൂന്നുപേര്‍. മൂന്നുപേരും രേഖപ്പെടുത്തിയത് ഒരേ വാഹനങ്ങള്‍. കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് ഒരേ അക്കൗണ്ടില്‍ നിന്ന്. എന്തിന് അപേക്ഷയിലെ കയ്യക്ഷരം പോലും ഒന്ന്. പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഇടപെട്ടപ്പോഴാണ് സപ്ലൈകോ അന്വേഷണത്തിന് തയാറായത്. എം.ഡി കരാര്‍ റദ്ദാക്കിയതോടെ തൊട്ടുപിന്നാലെ റീ ടെന്‍ഡറിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കാനുള്ള അവസാനതീയതി ജൂണ്‍ പതിനഞ്ചിന് കഴിഞ്ഞു. ഡിജിറ്റല്‍ രൂപത്തിലായതിനാല്‍ ഒരാഴ്ചക്കുള്ളില്‍ ധാന്യവിതരണം പുതിയ ആളുകളെ എല്‍പിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും പഴയ ബെനാമി ഇടപാടുകാര്‍ തന്നെയാണ് ഇപ്പോള്‍ വാതില്‍പ്പടി വിതരണം നടത്തുന്നത്. ബെനാമികള്‍ക്ക് വേണ്ടി റീടെന്‍ഡര്‍ നടപടികള്‍ ഉദ്യോഗസ്ഥര്‍ തന്നെ മനപൂര്‍വം മരവിപ്പിച്ചിരിക്കുകയാണ്.