റോഡ് ഉദ്ഘാടനത്തിന് രാഹുൽ വരുമോ?; അപമാനിക്കുകയാണെന്ന് കോൺഗ്രസ്

വയനാട് മണ്ഡലത്തിലെ റോഡ് ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി രാഹുല്‍ഗാന്ധിക്ക് ക്ഷണം. പ്രാദേശികപരിപാടിക്ക് ക്ഷണിച്ച് രാഹുല്‍ഗാന്ധിയെ തിരുവമ്പാടി മണ്ഡലം എംഎല്‍എ ജോര്‍ജ് എം തോമസ്  മനപ്പൂര്‍വ്വം അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 

പൊതുമരാമത്ത് മന്ത്രി ഒരു റോഡ് ഉദ്ഘാടനം ചെയ്യുന്ന  ചടങ്ങില്‍ മുഖ്യാതിഥിയായി രാഹുല്‍ഗാന്ധി വരുമോ ? തിരുവമ്പാടി മണ്ഡലത്തിലാകെ സംസാരവിഷയം ഇതാണ്,മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട ഫ്ലെക്സ്ബോര്‍ഡിലും ജോര്‍ജ് എം തോമസ് എംഎല്‍എയും ഫെയ്സ്ബുക്ക് പോസ്റ്റിലും രാഹുല്‍ഗാന്ധിയുടെ പടമുണ്ട്,മണ്ഡലത്തിലെ എംപിയെന്ന നിലയ്ക്കാണ് ജോര്‍ജ് എം തോമസ് എംഎല്‍എ രാഹുല്‍ഗാന്ധിയെ പൊതുപരിപാടിക്ക് ക്ഷണിച്ചിരിക്കുന്നത്.കുന്ദമംഗലം അഗസ്ത്യമൂഴി റോഡിന്റെയും നവീകരിച്ച ചുരം റോഡിന്റെയും ഉദ്ഘാടനത്തിനാണ് രാഹുല്‍ഗാന്ധിയെ ക്ഷണിച്ചിരിക്കുന്നത്,കുന്ദമംഗലം റോഡ് കടന്നുപോകുന്ന കോഴിക്കോട് മണ്ഡലത്തിലെ എംപിയായ എംകെ രാഘവനെ പരിപാടിക്ക് ക്ഷണിച്ചിട്ടുമില്ല

മണ്ഡലത്തിലെ എംപിയെന്ന നിലയ്ക്ക് രാഹുല്‍ഗാന്ധി പരിപാടിയില്‍ പങ്കെടുത്താല്‍ പ്രോടോകോള്‍ പ്രകാരം രാഹുല്‍ മന്ത്രിക്ക് താഴെയായിരിക്കും,മാത്രമല്ല എഐസിസി മുന്‍ അധ്യക്ഷനും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന രാഹുല്‍ഗാന്ധിയെ റോഡ് ഉദ്ഘാടനം പോലുള്ള പ്രാദേശികപരിപാടികള്‍ക്കു ക്ഷണിക്കുന്നതിലും അനൗചിത്യമുണ്ടെന്ന് ഡിസിസി ആരോപിക്കുന്നു,ഉദ്ഘാടന നോട്ടീസും ക്ഷണപത്രവും എംഎല്‍എ ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം കത്തിപടര്‍ന്നത്