സഭാ തർക്കത്തില്‍ പുതിയ മാധ്യസ്ഥനെന്ന് മുഖ്യമന്ത്രി; ക്ലിമ്മിസ് കാതോലിക്കാ ബാവ ഇടപെട്ടേക്കും

ഓര്‍ത്തഡോക്സ്  യാക്കോബായ സഭാ തര്‍ക്കത്തില്‍ മലങ്കര കാതോലിക്കാ സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്ക ബാവ മധ്യസ്ഥത വഹിച്ചേക്കുമെന്ന സൂചനയുമായി മുഖ്യമന്ത്രി. വളരെ ബുദ്ധിമുട്ടേറിയ ഒരു തര്‍ക്കത്തില്‍ ഇടപെടാമോയെന്ന് ചോദിച്ചപ്പോള്‍ അദേഹം അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാതോലിക്കാ ബാവയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷത്തിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തത്.

ആഘോഷങ്ങളൊന്നും വേണ്ടെന്ന കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്ക ബാവയുടെ നിര്‍ദേശം സ്നേഹത്തോടെ മറികടന്നാണ് സിറ്റിസണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഷഷ്ഠിപൂര്‍ത്തി ആഘോഷിച്ചത്. ആശംസകള്‍ നേരുന്നതിനിടയിലാണ് സഭാ തര്‍ക്കത്തില്‍ മധ്യസ്ഥനായേക്കുമെന്ന സൂചന മുഖ്യമന്ത്രി മുന്നോട്ടുവച്ചത്.

എന്നാല്‍ മറുപടി പ്രസംഗത്തില്‍ അദേഹം ഇക്കാര്യത്തേക്കുറിച്ച് പരാമര്‍ശിച്ചില്ല.  ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളുടെ ഭാഗമായി പള്ളിയിലെത്തുന്നവര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സ്നേഹവിരുന്ന് പദ്ധതിയ്ക്കും വിധവകള്‍ക്ക് ധനസഹായം നല്‍കുന്ന സ്നേഹ സുരക്ഷ പദ്ധതിക്കും പിന്തുണ തേടി.

സാമൂഹ്യരംഗങ്ങളിലെ പ്രവര്‍ത്തനമാണ് കാതോലിക്ക ബാവയെ വേറിട്ട് നിര്‍ത്തുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒട്ടേറെ പ്രമുഖര്‍  ആശംസകളുമായെത്തി.