മുഖ്യാതിഥി രാഹുൽ ഗാന്ധി എംപി; സോഷ്യൽ ചർച്ചകളിൽ ചൂടന്‍ വിഷയമായി ഈ ഫ്ലെക്സ്

കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചതോടെ രാഹുൽ ഗാന്ധി വയനാടിന്റെ എംപി മാത്രമാണ്. സമൂഹമാധ്യമങ്ങളിൽ ഇന്നലെ വൈറലായ ഒരു ഫ്ലെക്സ് ബോർഡ് ചർച്ചയാവുകയാണ്. മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിന്റെ മുഖ്യാതിഥിയാകുന്നത് രാഹുൽ ഗാന്ധി. നോട്ടീസിലെ ഇൗ കൗതുകം ഒരു വിഭാഗം സജീവമായി പ്രചരിപ്പിക്കുകയാണ്. 

അഗസ്ത്യൻമുഴി–കുന്ദമംഗലം റോഡ് നവീകരണത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് വയനാട് എംപിയായ രാഹുൽ ഗാന്ധി മുഖ്യാതിഥിയാവുമെന്ന് പേരു വച്ചിരിക്കുന്നത്. ഇൗ മാസം 13നാണ് ചടങ്ങ് നടക്കുന്നത്. ഫ്ലെക്സിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ജി. സുധാകരന്റെയും ചിത്രങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിയുടെ ചിത്രം വച്ചിരിക്കുന്നത്. 

എന്നാൽ ഇങ്ങനെയൊരു പരിപാടിയുടെ കാര്യം രാഹുൽ ഗാന്ധി അറിഞ്ഞിട്ട് പോലുമില്ലെന്നാണ് വിവരം. രാഹുൽ വായനാട്ടിലെത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒൗദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം തനിക്കും കോൺഗ്രസിനും സമ്മാനിച്ച വോട്ടർമാരോടും നന്ദി പറയാൻ രാഹുൽ കഴിഞ്ഞ മാസം വയനാട്ടിൽ എത്തിയിരുന്നു. 

ഫ്ലെക്സിന് പിന്നില്‍ സിപിഎം കേന്ദ്രങ്ങളാണെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.