‘രാത്രി ഒരു മണി; വീടിനുള്ളിലേക്ക് വെള്ളം കുത്തിയൊഴുകി’; നാടിനെ ഞെട്ടിച്ച അനുഭവം

‘രാത്രിയിൽ നടുക്കുന്ന വലിയൊരു ശബ്ദം കേട്ടു. പിന്നെ കാണുന്നതു വീടിനുള്ളിലേക്ക് ചെളി നിറഞ്ഞ വെള്ളം കുത്തിയൊഴുകി വരുന്നതാണ്. എന്താണു സംഭവിക്കുന്നതെന്നൊന്നും മനസ്സിലായില്ല’ വിട്ടുമാറാത്ത ഞെട്ടലോടെ കീഴുക്കുന്ന് ഹരിനിവാസിൽ എൻ.അനിത പറഞ്ഞു.‘താഴത്തെ മുറിയിൽ നിന്നു അമ്മ ഉച്ചത്തിൽ വിളിക്കുന്നതു കേട്ട് അങ്ങോട്ടേക്കു ഓടിയെത്തിയപ്പോൾ, വെള്ളം നിറഞ്ഞിട്ട് അമ്മ കിടന്ന കട്ടിൽ ഒഴുകി നടക്കുന്നതാണു കണ്ടത്. അടുക്കളയുടെ വാതിൽ തകർന്നിരുന്നു. ഗ്രൈൻഡറും ഫ്രിഡ്ജുമെല്ലാം വീണുകിടക്കുകയായിരുന്നു. തയ്യൽകാരിയായ എനിക്ക് തുന്നുന്നതിനായി ലഭിച്ചിരുന്ന വിവാഹ വസ്ത്രങ്ങളടക്കമുള്ളവ വെള്ളത്തിൽ കുതിർന്ന അവസ്ഥയിലായിരുന്നു’ കണ്ണീരോടെ അനിത പറയുന്നു.

കീഴുക്കുന്നിൽ  ചൊവ്വ പുലർച്ചെ പൊട്ടിയത് 40 വർഷത്തിലേറെ പഴക്കമുള്ള പൈപ്പുകൾ. പൂവത്തുമൂട് ആറ്റിൽ നിന്നെടുക്കുന്ന വെള്ളം പേരൂർ ജലശുദ്ധീകരണ ശാലയിൽ നിന്ന് നഗരത്തിലേക്ക് എത്തിക്കുന്ന പൈപ്പാണു പൊട്ടിയത്. പൈപ്പുകൾ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന കപ്ലിങ് പൊട്ടിയതാണു കാരണം. കപ്ലിങ്  മുറുക്കുന്നതിനുള്ള റിങ് ദ്രവിച്ച അവസ്ഥയിലായിരുന്നു. പഴയ രീതിയിലുള്ള ആസ്ബസ്റ്റോസ് കോട്ടഡ് പൈപ്പുകളിൽ വെള്ളത്തിന്റെ മർദത്താൽ കപ്ലിങ്ങുകൾ പൊട്ടുന്നതു സാധാരണയാണെന്നു ജല അതോറിറ്റി അധികൃതർ പറഞ്ഞു. ഇന്നലെ പുലർച്ചെ പൊട്ടിയ ശുദ്ധജല വിതരണ പൈപ്പിന്റെ തകരാറുകൾ പരിഹരിച്ചു.തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചരയോടെ നഗരത്തിലേക്കുള്ള ശുദ്ധജല വിതരണം പുനരാരംഭിച്ചതായി ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ സജീവ് രത്നാകരൻ അറിയിച്ചു. പൈപ് നന്നാക്കുന്നതിനുള്ള നടപടികൾ പുലർച്ചെ 2 മണിയോടെ ആരംഭിച്ചിരുന്നു.

പ്രധാന പൈപ്‌ലൈനുകളിൽ ഒന്നായ 600 മില്ലീമീറ്റർ വ്യാസമുള്ള ആസ്ബസ്റ്റോസ് കോട്ടഡ് (എസി) പൈപ്പാണു പുലർച്ചെ ഒന്നിനു പൊട്ടിയത്.തുടർന്നു സമീപത്തെ നാലോളം വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയും ഒരു വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീഴുകയും ചെയ്തു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സംഭവസ്ഥലം സന്ദർശിക്കുകയും നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങൾക്കു സഹായം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. നഗരസഭ, ജലഅതോറിറ്റി ജീവനക്കാരും സിപിഎം പ്രവർത്തകരും ചേർന്നാണു വീടുകൾ വൃത്തിയാക്കിയത്.

പേരൂർ ജലശുദ്ധീകരണ ശാലയിൽ നിന്നു നഗരത്തിലേക്കു വെള്ളം എത്തിക്കുന്നതു 3 പ്രധാന പൈപ്‌ലൈനുകളിലൂടെയാണ്. 1000 മില്ലീമീറ്റർ വ്യാസമുള്ള ഡക്റ്റൈൽ അയൺ (ഡിഐ) പൈപ്പ്, 600 മില്ലീമീറ്റർ വ്യാസമുള്ള കാസ്റ്റ് അയൺ (സിഐ) പൈപ്പ്, ആസ്ബസ്റ്റോസ് കോട്ടഡ് (എസി) പൈപ്പ് എന്നിവയാണ് അവ. നിലവിൽ കീഴുക്കുന്ന് വാട്ടർ സപ്ലൈ റോഡിനുള്ളിലൂടെയാണ് അവ സ്ഥാപിച്ചിട്ടുള്ളത്. റബർ ബോർഡിനു സമീപത്തെ റെയിൽവേ മേൽപാലത്തിന്റെ നിർമാണത്തിനു ശേഷം 1000 മില്ലീമീറ്റർ വ്യാസമുള്ള പൈപ്പ് അതുവഴി മാറ്റി സ്ഥാപിക്കും. ആ സമയത്തു നഗരത്തിലേക്കു വെള്ളം എത്തിക്കുന്നതിനാണു മറ്റ് പൈപ്പുകൾ നിലനിർത്തുന്നതെന്നു ജല അതോറിറ്റി അസിസ്റ്റന്റ് എൻജീനിയർ മുഹമ്മദ് അറഫാത്ത് അറിയിച്ചു.