സൗമ്യയുടെ ഭർത്താവ് നാളെ എത്തും; ദുരന്തം അറിയാതെ

സൗമ്യയുടെ ഭർത്താവ് വള്ളികുന്നം തെക്കേമുറി ഉപ്പൻവിളയിൽ സജീവ് നാളെ നാട്ടിലെത്തും. സൗമ്യയുടെ അന്ത്യകർമങ്ങൾ നാളെത്തന്നെ നടന്നേക്കും. ലിബിയയിൽനിന്നു തുർക്കിയിലെത്തി ജിദ്ദ, അബുദാബി വഴി തിരുവനന്തപുരത്തോ കൊച്ചിയിലോ ആകും എത്തുന്നത്. ലിബിയയിലേക്കു ജോലിക്കായി പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. ഇന്നലെ ജോലിസ്ഥലത്തു നിന്നു നാട്ടിലേക്കു തിരിച്ച സജീവിനെ സൗമ്യയുടെ മരണവിവരം അറിയിച്ചിട്ടില്ല. ഗുരുതരമായി പരുക്കേറ്റെന്നാണ് അറിയിച്ചിരിക്കുന്നത്. 

 

വായ്പ തിരിച്ചടയ്ക്കാൻ അവധി പോലും എടുക്കാതെ ജോലി

സർവകലാശാല അസിസ്റ്റന്റ് പരീക്ഷ കഴിഞ്ഞെത്തി ഏതാനും നിമിഷങ്ങളേ സൗമ്യ വീട്ടിൽ തങ്ങിയുള്ളൂ. വൈകാതെ സ്കൂട്ടറിൽ സ്റ്റേഷനിലേക്കു പോകുകയായിരുന്നു. ആ യാത്ര പക്ഷേ, ഏതാനും മീറ്ററുകൾക്കപ്പുറം അജാസിന്റെ പകയിൽ അവസാനിച്ചു. കഴിയുന്നതും ജോലിയിൽനിന്ന് അവധിയെടുക്കാത്തതായിരുന്നു സൗമ്യയുടെ രീതി. ആഴ്ചയിലൊരിക്കലുള്ള വിശ്രമദിനം പോലും എടുക്കാതെ ജോലി ചെയ്യാറുണ്ട്. അതിന് അധികം പണം കിട്ടും. വായ്പ തിരിച്ചടയ്ക്കാൻ അത് കുറച്ചെങ്കിലും ആശ്വാസമാകുമെന്നു സൗമ്യ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.

മക്കളുടെ കാര്യങ്ങൾ നോക്കുന്നതിൽ സൗമ്യയ്ക്ക് ആശങ്കയുണ്ടായിരുന്നില്ല. മൂന്നര വയസ്സു മാത്രമുള്ള ഇളയ മകളുടെ കാര്യങ്ങൾ മൂത്ത കുട്ടികൾ നോക്കും. ഭക്ഷണം തയാറാക്കി വച്ച ശേഷം സൗമ്യയ്ക്കു ജോലിക്കു പോകാം. അനിയത്തിയെ ചേട്ടൻമാർ ഊട്ടുകയും ഉറക്കുകയും ചെയ്യും. അതാണു വലിയ ആശ്വാസമെന്നും സൗമ്യ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.

'കത്തുന്ന കാഴ്ച’; മരവിപ്പു മാറാതെ തസ്നിയും അദബിയക്കുഞ്ഞും

ദേഹത്തു പടർന്ന തീയുമായി പിടയുന്ന സൗമ്യയെ കണ്ട് അയൽവാസികളായ തസ്നിയും ഭർതൃമാതാവ് അദബിയക്കുഞ്ഞും മരവിച്ചു നിന്നുപോയി. സൗമ്യയുടെ വീടിന്റെ അയൽപക്കത്ത് തസ്നിയുടെ വീടിന്റെ മുറ്റത്താണു സൗമ്യയുടെ ദാരുണാന്ത്യം.  അദബിയക്കുഞ്ഞാണ് സംഭവം ആദ്യം കണ്ടത്. ഭയന്നുപോയ അവർ വീട്ടിൽകയറി ബഹളമുണ്ടാക്കി. പുറത്തെ അലർച്ചയും ഭർതൃമാതാവിന്റെ ബഹളവും കേട്ട് തസ്നി ഓടിയെത്തി. ആകെ മരവിപ്പിക്കുന്ന കാഴ്ച. 

ഉടൻ അകത്തേക്കോടി വെള്ളവുമായെത്തി, അത് ഒഴിച്ചു. ഈ സമയം അജാസിനെ തസ്നി കണ്ടിരുന്നില്ല. പിന്നീടാണ് പൈപ്പിൻ ചുവട്ടിൽ ഇരിക്കുന്ന അയാളെ കണ്ടത്. പൊള്ളലേറ്റ്  ഓടിയ അജാസ് ദേഹത്തു വെള്ളം തളിക്കാൻ ടാപ് തിരിച്ചെങ്കിലും വെള്ളം കിട്ടിയില്ല. പിന്നീടത് വലിച്ചൊടിച്ചു. പിന്നെയാണ് നാട്ടുകാരും പൊലീസും എത്തിയത്. സംഭവത്തിന്റെ ഞെട്ടൽ മാറാത്ത തസ്നിയും ഭർതൃമാതാവും തറവാട്ടു വീട്ടിലേക്കു താൽക്കാലികമായി മാറി. തസ്നിയുടെ ഭർത്താവ് വിദേശത്താണ്.