പകർച്ചവ്യാധികൾക്ക് പ്രവേശനമില്ല; മാതൃക തീർത്ത് കുടിൽപ്പാറ കോളനി

പകര്‍ച്ചവ്യാധി ഭീഷണിയില്‍ കഴിയുന്ന കേരളത്തിന് ഇതാ ഒരു മാതൃകാ ഗ്രാമം. ചുറ്റുമുള്ള ആറു ഗ്രാമങ്ങള്‍ പനികിടക്കയില്‍ വിറയ്ക്കുമ്പോള്‍  കോഴിക്കോട് കുറ്റ്യാടി നെല്ലിപ്പൊയില്‍ ആദിവാസി ഊരില്‍ മാത്രം പനിയില്ല. പരിസര ശുചിത്വമാണ് കുടില്‍പ്പാറ  ആദിവാസി കോളനിയെ പനിയില്‍ നിന്ന് രക്ഷിച്ചതെന്ന് പഠനം നടത്തിയ വിദഗ്ധ സംഘവും ശരിവയ്ക്കുന്നു. 

ഇതാണ് കുടില്‍പ്പാറ ആദിവാസി കോളനി. പകര്‍ച്ചപനി പടര്‍ന്നു പിടിക്കുന്ന കുറ്റ്യാടി, മങ്കരോത്ത് പഞ്ചായത്തിലാണ് ഈ ആദിവാസി കോളനിയും. ചുറ്റുമുള്ള ആറ് ഗ്രാമങ്ങളില്‍ ഡെങ്കിപ്പനി മാത്രമല്ല എച്ച് വണ്‍ എന്‍ വണ്‍, മഞ്ഞപ്പിത്തം ബാധിച്ചവരാണ് മിക്കവരും. എന്നാല്‍ കുടില്‍പ്പാറ ആദിവാസി കോളനിയിലേയ്ക്ക് പകര്‍ച്ച വ്യാധി എത്തി നോക്കിയിട്ടില്ല. അതിന്‍റെ കാരണമെന്തെന്ന് മൂപ്പന്‍ തന്നെ പറയും. 

പരിസര ശുചിത്വം തന്നെയാണ് ഈ ഗ്രാമത്തില്‍ മാത്രം പനി എത്താത്തതിന്‍റെ കാരണമെന്ന് പഠനം നടത്തിയ വിദഗ്ധ ആരോഗ്യ സംഘത്തിനും ബോധ്യപ്പെട്ടു.

ഇനി മേഖലയില്‍ പകര്‍ച്ച വ്യാധി  എത്തിയാല്‍പ്പോലും അവയെ തുരത്താനും ഇവിടുത്തുകാര്‍ക്ക് അതിവേഗം സാധിക്കും.