സമ്പത്തിന്റെ കാർ വിവാദം; മലക്കം മറിഞ്ഞ് ശബരീനാഥൻ; കുറിപ്പ്

സമ്പത്തിന്റെ കാർ വിവാദത്തിൽ മലക്കം മറിഞ്ഞ് കെ.എസ് ശബരീനാഥൻ എംഎൽഎ. കാറിന് മുന്നിൽ EX.MP എന്ന ബോർഡ് വച്ച സംഭവത്തിൽ ചിത്രം വ്യാജമാണെന്ന് തോന്നുന്നതായി ഇന്നലെ ശബരീനാഥൻ പോസ്റ്റിട്ടിരുന്നു. ഇൗ പോസ്റ്റ് സിപിഎം പ്രവർത്തകർ ഏറ്റെടുക്കുകയും ഒടുവിൽ ബൽറാമും ഷാഫി പറമ്പിലും ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ചിത്രം വ്യാജമാണെന്ന ധാരണ സജീവമാകുന്നതിനിടയിലാണ് ശബരിനാഥന്റെ പുതിയ പോസ്റ്റ് എത്തുന്നത്.

‘ഒരു സുഹൃത്ത് കൂടുതൽ ക്ലാരിറ്റിയുള്ള ഈ ഫോട്ടോ അയച്ചു തന്നു. അതുമാത്രമല്ല, ജൂൺ 14 വെള്ളിയാഴ്ച രാത്രി 11.30-12.00 ഇടയ്ക്കു തിരുവനന്തപുരം എയർപോർട്ടിൽ നിന്നെടുത്ത ഫോട്ടോയാണെന്നും രാത്രി ഫ്ലൈറ്റിൽ ലാൻഡ് ചെയ്തിട്ട് ഈ കാറിൽ തന്നെ ശ്രീ സമ്പത്ത് കയറി പോവുകയും ചെയ്തു എന്ന് ദൃക്‌സാക്ഷി പറയുന്നു.
എന്തായാലും എയർപോർട്ടിൽ നിന്ന് ഈ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ടോയെന്നുള്ളത് CCTV ദൃശ്യങ്ങളിൽ നിന്നോ എയർപോർട്ടിൽ നിന്നോ സ്ഥിതീകരിക്കാവുന്നതാണ്.’ ശബരീനാഥൻ കുറിച്ചു. വിവാദത്തിൽ വ്യക്തമായ ഒരു മറുപടി നൽകാൻ സമ്പത്ത് തയാറാകാത്തതും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഇന്നലെ തന്നെ പി.കെ ഫിറോസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സത്യം വ്യക്തമാകുെമന്നും ഇതിന് സമ്പത്ത് തയാറാവണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റി ശബരീനാഥനും രംഗത്തെത്തിയത്. 


ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വാഹനത്തിലെ വിവാദ ബോർഡിനെക്കുറിച്ചു പോസ്റ്റ് ഇട്ടതിനു ശേഷം നിരവധി ആളുകൾ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും ബന്ധപ്പെടുന്നുണ്ട്.അതിൽ ഒരു സുഹൃത്ത് കൂടുതൽ ക്ലാരിറ്റിയുള്ള ഈ ഫോട്ടോ അയച്ചു തന്നു. അതുമാത്രമല്ല, ജൂൺ 14 വെള്ളിയാഴ്ച രാത്രി 11.30-12.00 ഇടയ്ക്കു തിരുവനന്തപുരം എയർപോർട്ടിൽ നിന്നെടുത്ത ഫോട്ടോയാണെന്നും രാത്രി ഫ്ലൈറ്റിൽ ലാൻഡ് ചെയ്തിട്ട് ഈ കാറിൽ തന്നെ ശ്രീ സമ്പത്ത് കയറി പോവുകയും ചെയ്തു എന്ന് ദൃക്‌സാക്ഷി പറയുന്നു.
എന്തായാലും എയർപോർട്ടിൽ നിന്ന് ഈ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ടോയെന്നുള്ളത് CCTV ദൃശ്യങ്ങളിൽ നിന്നോ എയർപോർട്ടിൽ നിന്നോ സ്ഥിതീകരിക്കാവുന്നതാണ്. ആരെയും ഇവിടെ തേജോവധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല, അറിഞ്ഞ കാര്യങ്ങൾ സ്പഷ്ടമാക്കുന്നുവെന്നുമാത്രം. ബഹുമാനപെട്ട ശ്രീ സമ്പത്ത് ദുരൂഹതയ്ക്ക് വഴികൊടുക്കാതെ കാര്യങ്ങൾ വിശദീകരിക്കും എന്ന് വിശ്വസിക്കുന്നു.

Ps :ഇതിനോടൊപ്പം ഒരു കാര്യം ചേർത്തുപറയട്ടെ, സോഷ്യൽ മീഡിയയിലെ വസ്തുതാരഹിതമായ അപവാദപ്രചരണത്തിനെ എതിർക്കുന്നു, ഇനി എതിർക്കും.