സർക്കാരുകൾ പറ‍ഞ്ഞിട്ടും കേട്ടില്ല; ഈ ദുരിതത്തിൽ കണ്ണടച്ച് ഉദ്യോഗസ്ഥർ

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പറഞ്ഞിട്ടും കാഴ്ചവൈകല്യമുള്ള ലോട്ടറി വില്‍പനക്കാരുടെ കുടുംബത്തെ സഹായിക്കാതെ ഉദ്യോഗസ്ഥരുടെ ഒളിച്ചുക്കളി. ചായക്കട തുടങ്ങാന്‍ അന്‍പതു സ്ക്വയര്‍ ഫീറ്റ് സര്‍ക്കാര്‍ സ്ഥലം അനുവദിക്കണമെന്ന നിര്‍ദ്ദേശമാണ് നടപ്പാക്കാത്തത്. തൃശൂര്‍ എടത്തിരിത്തി സ്വദേശിയായ ഉണ്ണികൃഷ്ണനാണ് ചുവപ്പുനാടയില്‍ കുരുങ്ങി ജീവിക്കുന്നത്.

 തൃശൂര്‍ എടത്തിരുത്തി സ്വദേശി ഉണ്ണികൃഷ്ണന് ജന്‍മനാ കാഴ്ചയില്ല. ഭാര്യയും കിടപ്പിലായ മകളും അടങ്ങുന്നതാണ് കുടുംബം. ബിരുദധാരിയായ ഉണ്ണികൃഷ്ണന്‍ കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയിരുന്നു. നഗരത്തില്‍ എവിടെയെങ്കിലും ചായക്കട തുടങ്ങാന്‍ അന്‍പതു സ്ക്വയര്‍ ഫീറ്റ് സ്ഥലം. പട്ടിണിക്കിടക്കാതെ അദ്വാനിച്ചു ജീവിക്കാന്‍ വേണ്ടി ചായക്കട നടത്താനായിരുന്നു ശ്രമം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥലം അനുവദിച്ച് ഉത്തരവിട്ടു. പക്ഷേ, നടപ്പായില്ല. രണ്ടു വര്‍ഷമായി ഉണ്ണികൃഷ്ണന്‍ മുട്ടാത്ത വാതിലുകളില്ല. താലൂക്ക് ഓഫിസ് വളപ്പിലോ ജില്ലാ ആശുപത്രി വളപ്പിലോ സ്ഥലം അനുവദിക്കണമെന്നായിരുന്നു അപേക്ഷ. പ്രതിദിനം അഞ്ഞൂറു രൂപയെങ്കിലും കിട്ടാവുന്ന സ്ഥലം കിട്ടിയാല്‍ മാത്രമേ ചായക്കട തുടങ്ങാന്‍ കഴിയൂ. എന്നാല്‍, ഉദ്യോഗസ്ഥര്‍ കനിയുന്നില്ല. നഗരത്തിലെ കണ്ണായ സ്ഥലങ്ങളില്‍ ഇങ്ങനെ ചായക്കട തുടങ്ങാന്‍ പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളുണ്ട്. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണ് ഈ കുടുംബത്തെ തഴയുന്നത്.

തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിനു മുമ്പിലുള്ള നടപ്പാതയില്‍ ലോട്ടറി വിറ്റാണ് ഉപജീവനം. പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിമാസം നിശ്ചിത സംഖ്യ പിരിവിട്ടു കൊടുക്കുന്നതാണ് ആശ്വാസം. കുടുംബത്തിന്‍റെ ദുരിതമറിയുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സ്ഥിരമായി ലോട്ടറിയെടുത്തും സഹായിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്തി ചുവപ്പുനാടയുടെ കുരുക്കഴിക്കാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കുന്നുമില്ല.