വീർപ്പുമുട്ടലിൽ നിന്ന് മോചനം; മെഡി. കോളജ് മോർച്ചറിക്ക് പുതിയമുഖം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആധുനിക മോർച്ചറി ഇന്ന് പ്രവർത്തനം തുടങ്ങുന്നു. പുതിയ മോർച്ചറിയിൽ ഒരേ സമയം 48 മൃതദേഹങ്ങൾ സൂക്ഷിക്കാം. പുതിയ മോര്‍ച്ചറി  സമുച്ചയത്തില്‍ പോസ്ററ്മോര്‍ട്ടവും ഇന്നു തുടങ്ങും.

കാല പഴക്കവും സ്ഥലപരിമിതിയും കാരണം വീര്‍പ്പുമുട്ടിയ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് പുതിയമുഖം. മൾട്ടി സ്പെഷല്‍റ്റി ബ്ലോക്കിൽ പൂർത്തിയായ 48 ചേംബറുള്ള ആധുനിക മോർച്ചറി ഇന്ന് പ്രവര്‍ത്തനം തുടങ്ങുന്നു. പുതിയ ബ്ലോക്കിൽ നാലു പോസ്മോര്‍ട്ടം ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്്.  പഴക്കം ചെന്നതും ജീർണിച്ചതുമായ മൃതദേഹങ്ങള്‍  പോസ്റ്റുമോർട്ടം ചെയ്യാനായി  പ്രത്യേകം മുറിയും ടേബിളും ഒരുക്കിയിരിക്കുന്നു.  മോർച്ചറിയിൽ 48 മൃതദേഹങ്ങൾ ഒരേ സമയം സൂക്ഷിക്കാൻ കഴിയുന്ന ട്രോളികളും ആധുനിക നിലവാരത്തിലുള്ളതാണ്.  ഉയരം കൂട്ടാനും കുറയ്ക്കാനും കഴിയുന്നതിനാല്‍ ചേംബറിൽ നിന്നും മൃതദേഹം പുറത്തെടുക്കാനും ടേബിളിൽ കയറ്റി വയ്ക്കാനും  സൗകര്യപ്രദമാണ്. 

അഴുകിയ മൃതദേഹങ്ങളുടെ ദുർഗന്ധം മുറിയിൽ തങ്ങിനിൽക്കാതിരിക്കാൻ പ്രത്യേക രീതിയിലുള്ള നിർമ്മാണമാണ് പോസ്റ്റുമോർട്ടം മുറികളിൽ നടത്തിയിരിക്കുന്നത്.  പുതിയ മോര്‍ച്ചറിയുടെ പ്രവർത്തനം പൂർണ തോതിൽ എത്തുന്നതു വരെ ആവശ്യമെങ്കിൽ  18 മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന പഴയ മോര്‍ച്ചറിയും പ്രവര്‍ത്തിക്കും.