നിപ ‌ആശങ്ക അകലുന്നു; രോഗി നടന്നു തുടങ്ങി; നിരീക്ഷണം തുടരുന്നു

നിപ രോഗ ഭീഷണി അകലുന്നു. നിപ രോഗബാധിതനായ യുവാവിന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കളമശേരി മെഡിക്കല്‍ കോളജിലടക്കം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മുന്നൂറ്റി ഇരുപത്തിയൊമ്പതു പേര്‍ ഇപ്പോഴും ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍ തുടരുകയാണ്.

സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നിപ ബാധിതനായ യുവാവ് പരസഹായമില്ലാതെ നടന്നു തുടങ്ങി. എങ്കിലും പൂര്‍ണമായും നിപ വൈറസിന്‍റെ  സാന്നിധ്യം യുവാവിന്‍റെ ശരീരത്തില്‍ ഇല്ലയെന്നുറപ്പിച്ച ശേഷം മാത്രമേ യുവാവിന് ആശുപത്രിയില്‍ നിന്ന് വിടുതല്‍ നല്‍കൂ.

കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇപ്പോള്‍ ഏഴു പേരാണ് ഉളളത്. ഇവര്‍ക്കും നിപ ബാധ ഇല്ല എന്നാണ് ആരോഗ്യവകുപ്പിന്‍റെ  നിഗമനം. ഇവരടക്കം ആകെ 329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ 52 പേരെ പേര്‍ ഹൈറിസ്ക് വിഭാഗത്തിലും, 277 പേരെ ലോ റിസ്ക് വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ആശങ്കയുടെ സാഹചര്യം ഇല്ലെങ്കിലും ജൂലായ് ആദ്യവാരം വരെയെങ്കിലും നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരാന്‍ തന്നെയാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ മൂന്നംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും  കൊച്ചിയിലെത്തിയിട്ടുണ്ട്. 

നിപ രോഗശുശ്രൂഷയുമായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ  ട്രയല്‍ റണ്‍ വിദഗ്ധ സംഘത്തിന്‍റെ സാന്നിധ്യത്തില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ചു. നിപ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതു മുതലുളള ഓരോ ഘട്ടത്തിലെയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ വേണ്ടിയാണ് ട്രയല്‍ റണ്‍ സംഘടിപ്പിച്ചത്.