ലോട്ടറി ജി.എസ്.ടി ഏകീകരണം; പിന്തുണ തേടി കേരളം

ലോട്ടറിയുടെ ജി.എസ്.ടി ഏകീകരിക്കുന്നതിനെതിരെ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി കേരളം. സംസ്ഥാനം നേരിട്ടുനടത്തുന്ന ലോട്ടറിയ്ക്കും ഇടനിലക്കാര്‍ വഴി നടത്തുന്ന ലോട്ടറിയ്ക്കും വ്യത്യസ്ത നികുതി നിരക്ക് നിലനിര്‍ത്തണമെന്ന് ഇന്നുചേരുന്ന ജി.എസ്.ടി സബ് കമ്മിറ്റി യോഗത്തില്‍ കേരളം ശക്തമായി ആവശ്യപ്പെടും. വ്യത്യസ്ത നിരക്ക് പറ്റില്ലെങ്കില്‍ രണ്ടു ലോട്ടറികളുടെയും നികുതി 28 ശതമാനമാക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 

നിലവില്‍ സംസ്ഥാനം നേരിട്ട് നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും ഇടനിലക്കാര്‍ വഴി നടത്തുന്നതിന് 28 ശതമാനവുമാണ് ചരക്കുസേവനനികുതി. ഇതുമൂലം ഇതരസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ ലാഭകരമായി നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതുമൂലം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലോട്ടറിയുടെ ജി.എസ്.ടി കുറയ്ക്കുകയും ഏകീകരിക്കുകയും ചെയ്യുന്നതിന് കടുത്ത സമ്മര്‍ദമാണ് ഉയരുന്നത്. 

ഇത് മറികടക്കാന്‍ ആന്ധ്ര, തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളുടെ പിന്തുണ തേടാനാണ് തീരുമാനം. ഇന്നുചേരുന്ന ലോട്ടറി സബ് കമ്മിറ്റിയില്‍ നിരക്ക് കുറയ്ക്കരുതെന്നും ഏകീകരിക്കരുതെന്നും കേരളം ആവശ്യപ്പെടും. സബ് കമ്മിറ്റിയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുകയാണെങ്കില്‍ ജി.എസ്.ടി കൗണ്‍സിലിന്റേതാകും അന്തിമതീരുമാനം. പരാജയം ഉറപ്പിച്ചാല്‍ എല്ലാ ലോട്ടറിയുടെയും നികുതി 28 ശതമാനമാക്കണം എന്ന് കേരളം ആവശ്യപ്പെടും.

വൈകിട്ട് ചേരുന്ന സബ് കമ്മിറ്റി യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക് വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും.