അവധി ചോദിച്ച് നിരന്തരം ഫോൺ കോളുകൾ; അപേക്ഷയുമായി കലക്ടർ; കുറിപ്പ്

മഴക്കാലമായതോടെ അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കലക്ട്രേറ്റിലേക്ക് വിളിക്കുന്നവരോട് അപേക്ഷയുമായി തൃശൂർ കലക്ടർ അനുപമ ഐഎഎസ്. ഇത്തരം കോളുകൾ നിരന്തരം വരുമ്പോൾ അടിയന്തരാവശ്യങ്ങൾക്കായി വിളിക്കുന്നവർക്ക് കോൾ ലഭിക്കാതെ വരുന്നുണ്ടെന്നാണ് കലക്ടർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത്. 

കുറിപ്പ് ഇങ്ങനെ:

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, 

മഴ കാരണം അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഫോൺ കോളുകളാണ് കലക്ട്രേറ്റിലേക്കെത്തുന്നത്. അവധി പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്, അതുണ്ടെങ്കിൽ തീർച്ചയായും അവധി പ്രഖ്യാപിക്കും. നിങ്ങളെ അപകടത്തിലാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. 

പക്ഷേ ഇത്തരം ആവശ്യങ്ങൾക്കായി നിരന്തരമുള്ള കോളുകൾ വരുന്നത് മൂലം വളരെ ഗൗരവമേറിയ വിഷയങ്ങൾ അറിയിക്കാൻ മറ്റുള്ളവർക്ക് അവസരം നഷ്ടപ്പെടുകയാണ്. കാണാതായ ആളുകളെക്കുറിച്ചോ മഴക്കാല അപകടങ്ങളെക്കുറിച്ചോ ഉള്ള കോളുകൾ ഞങ്ങളിലേക്കെത്താതെ പോകുന്നു. 

ബുദ്ധിമുട്ടുണ്ടാകുമ്പോൾ ഞങ്ങളെ വിളിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട്. സ്വാതന്ത്ര്യത്തിനൊപ്പം ഉത്തരവാദിത്തവും ഉണ്ടെന്ന് ഓർമ്മിക്കുക. മഴക്കെടുതി മൂലം അപകടത്തിൽപ്പെട്ട ഒരാളുടെ  30 സെക്കൻഡ് പോലും വിലപ്പെട്ടതാണ്. അതുകൊണ്ട് ഇനി അവധിക്ക് വേണ്ടി വിളിക്കുമ്പോൾ, അടിയന്തര സഹായം ആവശ്യമുള്ളവർക്ക് തടസ്സമാകാതിരിക്കാൻ ഉത്തരവാദിത്തമുള്ളവരായിരിക്കണം.