കൊടും പട്ടിണി, നാട്ടിലേക്ക് വരണം; അപേക്ഷിച്ച് ഐഎസിൽ ചേർന്ന മലയാളി

‘ഇവിടെ കൊടും പട്ടിണിയാണ് ഞാൻ നാട്ടിലേക്ക് വന്നോട്ടേ?’ അപേക്ഷയുമായി ഐഎസിൽ ചേർന്ന മലയാളി രംഗത്തെന്ന് റിപ്പോര്‍ട്ട്. സിറിയയിൽ പോയി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളി അപേക്ഷയുമായി വീട്ടുകാരെ ബന്ധപ്പെട്ടതായി ദ ന്യൂ ഇന്ത്യന്‍‌ എക്സ്പ്രസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസർകോട് എലമ്പാച്ചി സ്വദേശി ഫിറോസ് ഖാനാണ് സിറിയയിലെ ദുരിതവും പട്ടിണിയും കഷ്ടപ്പാടും താങ്ങാനാകുന്നില്ലെന്ന് പറഞ്ഞ് വീട്ടുകാരെ ഫോണിൽ വിളിച്ചത്.

2016ൽ അഫ്ഗാനിസ്ഥാനിൽ നിന്നാണ് ഫിറോസ് സിറയയിലേക്ക് പോയത്. കഴിഞ്ഞമാസമാണ് ഇയാൾ ദുരിതം പറഞ്ഞ് അമ്മ ഹബീബയെ വിളിച്ചത്. നാട്ടിൽ വന്നാൽ കീഴടങ്ങിക്കോളാമെന്നും ഇനി സിറിയയിലേക്ക് പോകേണ്ടെന്നും ഇയാൾ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. 

സിറിയയിൽ ഐഎസ് തകർച്ചയുടെ വക്കിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കുടിക്കാൻ വെള്ളം പോലും ഇല്ലാത്ത അവസ്ഥയാണെന്നും ഫിറോസ് പറഞ്ഞു. ഐഎസ് മുൻകയ്യെടുത്ത് ഒരു മലേഷ്യക്കാരിയുമായി വിവാഹം നടത്തിയെന്നും എന്നാൽ അവൾ തന്നെ ഉപേക്ഷിച്ച് പോയെന്നും ഫിറോസ് പറഞ്ഞു. നാട്ടിൽ വന്നാൽ തന്റെ മേൽ ചാർത്താൻ സാധ്യതയുള്ള വകുപ്പുകളെക്കുറിച്ചും ഫിറോസ് തിരക്കി. ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഒറ്റതവണ മാത്രമേ ഫിറോസ് വിളിച്ചിട്ടുള്ളൂ. സിറിയയിൽ പല ഇടത്തും ഐസ്ഐഎസ് തകർച്ച നേരിടുകയാണ്.