എം.എം മണിയുടെ ഉടുമ്പൻചോലയിലും ഡീനിന്റെ തേരോട്ടം; വിമർശന മുനയൊടിച്ച കുതിപ്പ്

തിരഞ്ഞെടുപ്പിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയതിന്റെ ചർച്ചകളിലാണ് ഇടതുക്യാംപ്. പ്രചാരണ സമയത്ത് യുഡിഎഫിനെ കടന്നാക്രമിച്ച് കയ്യടി നേടുന്നതിൽ മന്ത്രി എം.എം മണി ഏറെ മുന്നിലായിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കാൻ എത്തിയതിന് പിന്നാലെ വാക്കുകൾ കൊണ്ടുള്ള ഏറ്റുമുട്ടൽ മന്ത്രി തുടങ്ങിയിരുന്നു. ഇന്ദിരാ ഗാന്ധിയും കാമരാജും അണിനിരന്നിട്ടും 1958 ല്‍ ദേവികുളം ഉപതിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ച ചരിത്രം ഓര്‍മ്മിപ്പിച്ചായിരുന്നു മണിയുടെ അന്നത്തെ വെല്ലുവിളി. എന്നാൽ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞു. മന്ത്രി എംഎം മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ പോലും യുഡിഎഫ് സ്ഥാനാർഥി വലിയ മുന്നേറ്റനാണ് നടത്തിയത്. 

യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് പതിനായിരത്തിലേറെ വോട്ടുകളുടെ ലീഡാണ് സ്വന്തമാക്കിയത്. 51056 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് ഉടുമ്പൻചോലയിൽ നേടിയത്. ഡീൻ 63550 വോട്ടുകൾ മന്ത്രിയുടെ മണ്ഡലത്തിൽ മാത്രം സ്വന്തമാക്കി. കഴിഞ്ഞ തവണ അരലക്ഷത്തിലേറെ വോട്ടുകൾക്കു തോറ്റെങ്കിലും ‍നിരാശനായിരുന്നില്ല ഡീൻ കുര്യാക്കോസ്. ഇടുക്കിയിലെ നീറുന്ന പ്രശ്നങ്ങളിൽ സജീവസാന്നിധ്യമായി ജനങ്ങൾക്കൊപ്പം നിന്നിരുന്നു. നിരന്തര സമരങ്ങളിലൂടെ അവകാശങ്ങൾ നേടിയെടുത്തു. ഇടുക്കിയിൽ ജനങ്ങളുടെ ശബ്ദമായി ഡീൻ മാറി. ഇതാണ് വമ്പൻ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫിന് കഴിഞ്ഞത്. 

ഇടുക്കി മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിനു വിജയിച്ച പി.ജെ. കുര്യന്റെ റെക്കോർഡ് തകർത്തു ഡീൻ കുര്യാക്കോസിന്റെ പടയോട്ടം. 1984 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി.ജെ. കുര്യൻ, സിപിഐ നേതാവ് സി.എ. കുര്യനെ 1,30,626 വോട്ടുകൾക്ക് പരാജയപ്പെടുത്തി.  ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവും ഇതായിരുന്നു.  ഈ റെക്കോർഡാണ് സിപിഎം സ്വതന്ത്രൻ ജോയ്സ് ജോർജിനെ തോൽപിച്ചതോടെ ഡീൻ ഇത്തവണ തിരുത്തിയത്.