കള്ളനെന്ന് വിളിച്ച പിള്ളയ്ക്ക് മറുപടി; വിജയ പ്രതികാരവുമായി കൊടിക്കുന്നില്‍ പെരുന്നയില്‍

‘അബദ്ധത്തിൽ പോലും വോട്ടുചെയ്യല്ലേ.. ഒട്ടേറെ നഷ്ടങ്ങൾ സഹിച്ച് ഒരു കള്ളനെയാണല്ലോ ഞാൻ വളർത്തിയെടുത്തതെന്ന് ആലോചിച്ച് കുറച്ച് നാളുകൾക്ക് മുൻപ് ഞാൻ സങ്കടപ്പെട്ടു തുടങ്ങിയിരുന്നു ഇപ്പോൾ പൂർണമായും സങ്കടപ്പെടുന്നു.’ എൽഡിഎഫിന്റെ മാവേലിക്കര മണ്ഡലം കൺവൻഷനിൽ പങ്കെടുത്തു കൊണ്ട് കേരള കോൺഗ്രസ് ബി ചെയർമാൻ ബാലകൃഷ്ണപിള്ള പറഞ്ഞ വാക്കുകളാണിത്. കൊടിക്കുന്നിൽ സുരേഷിനെ പരസ്യമായി കള്ളനെന്ന് വിളിച്ചായിരുന്നു പിള്ളയുടെ അന്നത്തെ പ്രസംഗം. 

ബാലകൃഷ്ണപിള്ള എൽഡിഎഫിനൊപ്പം ചേർന്ന ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലം ഏറെ ശ്രദ്ധ നേടിയിരുന്നു. നായർ വോട്ടുകൾ സുകുമാരൻ നായരുടെ നിലപാടിനൊപ്പമോ ബാലകൃഷ്ണപിള്ളയ്ക്ക് ഒപ്പമോ എന്ന ചോദ്യവും ഇത്തവണ മുന്നിലുണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം ഹാട്രിക്ക് വിജയം കൊണ്ടായിരുന്നു കൊടിക്കുന്നിലിന്റെ മറുപടി.

തിരഞ്ഞെടുപ്പിന്റെ ഫലം വന്ന് പിറ്റേദിവസം തന്നെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അദ്ദേഹം നേരിൽ കണ്ട് അനുഗ്രഹം വാങ്ങി. കൃത്യമായ രാഷ്ട്രീയം പറയുന്ന ഇൗ ചിത്രം വരും ദിവസങ്ങളിൽ ചർച്ചയാകുമെന്നുറപ്പാണ്. ബാലകൃഷ്ണപിള്ളയ്ക്ക് ഏറെ സ്വാധീനമുള്ള മാവേലിക്കരയിൽ എൻഎസ്എസ് വോട്ടുകളുടെ ഒഴുക്ക് എങ്ങോട്ടായിരുന്നുവെന്നത് വരും ദിവസങ്ങളിൽ ചർച്ചയാകും. കൊട്ടാരക്കരയിൽ പോലും കൊടിക്കുന്നിലാണ് മുന്നിലെന്നത് ബാലകൃഷ്ണപിള്ളയ്ക്ക് തലവേദനയാകും. 

കൊട്ടാരക്കരയിൽ 62998 വോട്ടുകൾ കൊടിക്കുന്നിലിന് ലഭിച്ചപ്പോൾ ചിറ്റയം ഗോപകുമാറിന് ലഭിച്ചത് 60244 വോട്ടുകളാണ്. ചിറ്റയം ഗോപകുമാറിനെതിരെ കൊടിക്കുന്നിൽ 61,500 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. കൊടിക്കുന്നിൽ 4,37,997 വോട്ടും ചിറ്റയം 3,76,497 വോട്ടും തഴവ സഹദേവൻ 1,32,323 വോട്ടുമാണു നേടി. എൻഎസ്‌എസ് ആസ്‌ഥാനമായ പെരുന്നയും ശബരിമല തന്ത്രിമാരുടെ കുടുംബം സ്ഥിതി ചെയ്യുന്ന, ശബരിമലയുടെ കവാടം എന്നറിയപ്പെടുന്ന ചെങ്ങന്നൂരും മാവേലിക്കരയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ.