പ്ലസ് വൺ പ്രവേശനം; ആവശ്യത്തിന് സീറ്റുകളില്ലാതെ പാലക്കാടും

പാലക്കാട് ജില്ലയിലെ ഹയർ സെക്കന്‍ഡറി സ്കൂളുകളിലും പ്ളസ് വണ്‍ പ്രവേശനത്തിന് ആവശ്യത്തിന് സീറ്റുകളില്ല. എസ്എസ്എൽസി പാസായ ഇരുപത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് ഓപ്പണ്‍ സ്കൂളുകളെ ആശ്രയിക്കേണ്ടി വരും.  

പാലക്കാട്ട് എസ്എസ്എൽസി പരീക്ഷ എഴുതിയ 41,254 പേരിൽ 39,815 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.100 ശതമാനം വിജയം നേടിയ 69 സ്കൂളുണ്ട്്. എന്നാൽ എല്ലാവര്‍ക്കും ഉപരിപഠനത്തിന് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ സീറ്റുകളില്ല. ജില്ലയിലെ 153 ഹയർ സെക്കന്‍ഡറി സ്ക്കൂളുകളിലായി 32,926 പ്ലസ് വൺ സീറ്റുകള്‍ മാത്രമേയുളളു. സിബിഎസ്്്സിയില്‍ നിന്നും കുട്ടികളെത്തുമെന്നതിനാല്‍ പതിനായിരം സീറ്റുകളെങ്കിലും ‌അധികമായി ഉണ്ടാകണം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഐടിഐ, പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലേക്ക് കുറച്ച് വിദ്യാര്‍ഥികള്‍ പോയാലും അധികസീറ്റുകള്‍ വേണം.      

അതേസമയം ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്നുളള സ്കൂളുകളില്‍ പ്ളസ് വണ്‍ അപേക്ഷകരുടെ എണ്ണം ഇരട്ടിക്കാറുണ്ടെന്നും അഭിപ്രായമുണ്ട്. കഴിഞ്ഞ വർഷം പ്ലസ് വൺ സീറ്റുകളുടെ എണ്ണം പത്തു ശതമാനം വർധിപ്പിച്ചിരുന്നു.