വിഷു ബംബർ പൂജക്ക് വെച്ചു; വസ്ത്രങ്ങളും; ആൽത്തറയില്‍ പൊലീസ് കണ്ടത്

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തിയ സംഭവത്തിൽ പത്തൊമ്പതുകാരി വൈഷ്ണവിയാണ് ആദ്യം മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ അമ്മ ലത തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ വൈകിട്ടോടെ മരിച്ചു. 

ബാങ്കിന്റെ ജപ്തിഭീഷണിയെത്തുടർന്നാണ് ഇരുവരുടെയും ആത്മഹത്യ എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. എന്നാലീ വാർത്തകൾക്ക് ലേഖയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുന്നത് വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ. ഭർത്താവ് ചന്ദ്രനെയും ബന്ധുക്കളായ മൂന്ന് പേരെയും പഴിച്ചായിരുന്നു കുറിപ്പ്. ഗാർഹികപീഡനം, അപവാദപ്രചാരണം, മന്ത്രവാദം എന്നിവയിലേക്കും വിരൽ ചൂണ്ടുന്നുണ്ട് കുറിപ്പ്. 

എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭർത്താവ്, കാശി, ശാന്ത എന്നിവരാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ചന്ദ്രന്‍ വേറെ വിവാഹത്തിന് ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട്ടില്‍ മന്ത്രവാദം നടക്കുന്നുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു. ഇരുവരും ആത്മഹത്യ ചെയ്ത മുറിയില്‍ ഭിത്തിയില്‍ പതിച്ച നിലയിലും ഭിത്തിയില്‍ എഴുതിയ നിലയിലുമാണ് കുറിപ്പ്. 

''കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോൾ തടസ്സം നിന്നത് കൃഷ്ണമ്മായാണ്. ആൽത്തറയുണ്ട്, അവര് നോക്കിക്കൊള്ളും, നീ ഒന്നും പേടിക്കണ്ട എന്നുപറഞ്ഞ് മോനെ തെറ്റിക്കും. ഭർത്താവ് അറിയാതെ അഞ്ചുരൂപ നാട്ടുകാരുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടില്ല. ബാങ്കിൽ നിന്ന് നോട്ടീസ് കിട്ടിയിട്ടും ഭർത്താവ് അന്വേഷിച്ചില്ല. അയച്ച നോട്ടീസ് ആല്‍ത്തറയിൽ കൊണ്ടുവന്ന് പൂജിക്കലാണ് അമ്മയുടെയും മകന്റെയും ജോലി''– കുറിപ്പിൽ പറയുന്നു. 

നിർമാണം പൂർത്തിയാകാത്ത വീടിന് പിന്നിലാണ് തെക്കേത് എന്നും ആൽത്തറയെന്നും അറിയപ്പെടുന്ന സ്ഥലം. ചെറിയ ചുറ്റുമതിൽ കൊണ്ട് കെട്ടിമറച്ച സ്ഥലത്ത് രണ്ട് ചെറിയ ശ്രീകോവിൽ പോലുള്ള തും കാണാം. കഴിഞ്ഞ ദിവസം പൂജ നടന്ന ലക്ഷണങ്ങൾ ഇവിടെയുണ്ട്. 

ആൽത്തറക്ക് മുന്നിൽ പൂജകൾക്ക് ശേഷം സമർപ്പിച്ച രണ്ട് ലോട്ടറി ടിക്കറ്റുകൾ കണ്ടെടുത്തിയിരുന്നു. ബുധനാഴ്ച നറുക്കെടുക്കാനിരുന്ന വിഷു ബംബറായിരുന്നു അത്. കൂടാതെ ഒരു പെട്ടിയിൽ സ്ത്രീയുടെയും പുരുഷന്റെയും പുതിയ വസ്ത്രങ്ങളും കണ്ടെത്തി.