തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക്

എസ്.എഫ്.ഐ ഭീഷണിയെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഒരോബാച്ച് ഡ്രിഗ്രിവിദ്യാര്‍ഥികളില്‍ നിന്ന് 100 ലേറെ കുട്ടികള്‍ കൊഴിഞ്ഞു പോകുന്നു. 2015 ല്‍ പ്രവേശനം നേടിയ ബി.എ, ബി.എസ്.സി ബാച്ചില്‍നിന്ന് 102 പേര്‍കൊഴിഞ്ഞുപോയി. 2016ലെ ഡിഗ്രി വിദ്യാര്‍ഥികളില്‍104 പേരാണ് യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് വിട്ട്പോയത്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍റെ അതിപ്രസരമെന്ന പഴികേള്‍ക്കുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഒന്നാം വര്‍ഷ ബിഎസ്.സി വിദ്യാര്‍ഥിനി ആത്മഹത്യശ്രമത്തിന് മുന്‍പ് എഴുതി കുറിപ്പില്‍, എസ്.എഫ് ഐ പ്രവര്‍ത്തകര്‍ പഠിക്കാന്‍ അനുവദിക്കുന്നില്ല, നിര്‍ബന്ധിച്ച് ജാഥക്കും മറ്റും കൊണ്ടുപോകുന്നു, അധ്യാപകരോ പ്രിന്‍സിപ്പലോ കാര്യങ്ങള്‍മനസ്സിലാക്കുന്നില്ല എന്നീ ഗുരുതര ആരോപണങ്ങളാണുള്ളത്. ഈ കോളജില്‍ 2015-16 അധ്യയന വര്‍ഷത്തില്‍ 780 കുട്ടികളാണ് ബി.എ, ബിഎസ്.സി കോഴ്സുകളില്‍ചേര്‍ന്നത്. 2018 ല്‍ ഇവര്‍ ഫൈനല്‍പരീക്ഷ എഴുതിയപ്പോള്‍ 102 വിദ്യാര്‍ഥികള്‍ കുറവാണെന്ന് സര്‍വകലാശാലയിലെ കണക്കുകള്‍വ്യക്തമാക്കുന്നു. 2016-17 അധ്യയന വര്‍ഷം 830 പേര്‍ഡിഗ്രിപ്രവേശനം നേടി. 2019 മാര്‍ച്ചില്‍ ഇവര്‍ ഫൈനല്‍ പരീക്ഷക്കിരുന്നപ്പോള്‍ 104 പേര്‍ കൊഴിഞ്ഞുപോയി. 

സാധാരണ കോളജുകളില്‍ ഒരു ഡിഗ്രിബാച്ചില്‍ നിന്ന് 10 മുതല്‍ 20 കുട്ടികള്‍വരെയാണ് പലകാരണങ്ങളാലും പൊഴിഞ്ഞുപോകുക എന്ന് അധ്യാപകര്‍ പറയുന്നു. ഇത് നൂറിലേക്ക് ഉയരുന്നത് അസാധാരണമാണ്. യൂണിവേഴ്സിറ്റി കോളജിലെ അരക്ഷിതമായ അന്തരീക്ഷം, അമിത രാഷ്ട്രീയം നിലവാരത്തകര്‍ച്ച ഇവയാണ് കൊഴിഞ്ഞുപോക്കിന്റെ അടിസ്ഥാനകാരണങ്ങളെന്ന് വ്യക്തം.  ഇക്കാര്യം പരിശോധിക്കാന്‍ സര്‍വകലാശാലയോ കോളജോ സര്‍ക്കാരോ തയ്യാറല്ല. അധ്യാപകരും വിദ്യാര്‍ഥികളും കോളജിലെ പ്രശ്നങ്ങള്‍ പരസ്യമായി പറയന്‍ഭയപ്പെടുന്ന സാഹചര്യവുമാണ്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമത്തിന് ശേഷം പോലും കോളജ് അധികൃതരും അധ്യാപക രക്ഷാ കര്‍തൃ സംഘടനയും ഇക്കാര്യങ്ങളില്‍ മൗനം തുടരുകയാണ്.