ആരോഗ്യവകുപ്പ് ജീവനക്കാരുടെ പേരിൽ തപാൽ ബാലറ്റ്; കേസ് അട്ടിമറിക്കുന്നു

പത്തനംതിട്ട ജില്ലാ ആരോഗ്യ ഓഫിസിനു കീഴിലെ ജീവനക്കാരുടെ പേരിൽ തപാല്‍ ബാലറ്റുകള്‍ വാങ്ങിയ കേസ് അട്ടിമറിക്കുന്നു.

മലയാലപ്പുഴയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് പരാതി നല്‍കി മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടിയെടുത്തിട്ടില്ല. 480ൽ കൂടുതൽ ജീവനക്കാരുടെ പേരിൽ തപാല്‍ബാലറ്റുകള്‍ വാങ്ങി വോട്ടു ചെയ്തുവെന്നാണ് വിവരം. 

പൊലീസിലെ തപാല്‍ ബാലറ്റ് ക്രമക്കേടിന് സമാനമായ സംഭവമാണ് പത്തനംതിട്ട ജില്ലാ ആരോഗ്യവകുപ്പിലുമുണ്ടായത്. ജില്ലാ ആരോഗ്യ ഓഫിസിനു കീഴിലെ ജീവനക്കാരുടെ അനുമതിയില്ലാതെ അവരുടെ പേരിൽ തപാല്‍ വോട്ട് ചെയ്തുവെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച ലഭിച്ച  പരാതിയിൽ മൂന്നാഴ്ചയായിട്ടും അന്വേഷണം പൂർത്തിയായിട്ടില്ല. കോന്നി ഉപവരണാധികാരിയാണ് അന്വേഷണം നടത്തുന്നത്.  വിവരങ്ങൾ ശേഖരിച്ചെങ്കിലും അന്തിമറിപ്പോർട്ട് തയാറായിട്ടില്ലെന്നാണ് ഉപവരണാധികാരിയുടെ വിശദീകരണം. 

തിരഞ്ഞെടുപ്പു ദിവസത്തെ ജോലികൾക്കായി നിയോഗിക്കപ്പെട്ട മെഡിക്കൽ ടീം അംഗങ്ങളുടെ പേരിൽ അവരുടെ അനുമതി ഇല്ലാതെ പോസ്റ്റൽ ബാലറ്റുകൾക്ക് അപേക്ഷ നൽകുകയായിരുന്നു. അഞ്ഞൂറോളം ജീവനക്കാരെ മെഡിക്കൽ ടീമിന്റെ ഭാഗമായി നിയോഗിച്ചിരുന്നു. ഇതിൽ 150 േപർ പോസ്റ്റൽ വോട്ടിന് അർഹരാണ്. ബാക്കിയുള്ളവർക്ക് സ്വന്തം ബൂത്തിൽ വോട്ടു ചെയ്യാവുന്ന തരത്തിലാണ് ഡ്യൂട്ടി ക്രമീകരിച്ചിരുന്നത്. എന്നാൽ, മുഴുവൻ പേരുടെയും പേരിൽ പോസ്റ്റൽ വോട്ടിന് അപേക്ഷ നൽകുകയായിരുന്നു. പരാതിക്കാരിയായ ജീവനക്കാരി സ്വന്തം ബൂത്തിൽ വോട്ടു ചെയ്യാൻ എത്തിയപ്പോഴാണ്  പോസ്റ്റൽ വോട്ടിന് അപേക്ഷ നൽകിയ കാര്യം അറിയുന്നത്. തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കും നിയോജക മണ്ഡലം വരണാധികാരിക്കും ജീവനക്കാരി പരാതി നൽകി. ബിഎൽഒമാരെ ഉപയോഗിച്ചു വ്യാപകമായി വോട്ടുകൾ ഇല്ലാതാക്കിയെന്നാരോപിച്ച് യു.ഡി.എഫ്. ബിജെ.പി.സ്ഥാനാര്‍ഥികള്‍ കലക്ടർക്കു പരാതിനല്‍കിയിട്ടുണ്ട്. ഈ പരാതികളിലും അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.