പെരിയ കേസ്: ക്രൈംബ്രാഞ്ച്-സിപിഎം ഒത്തുകളി ആരോപിച്ച് കുടുംബാംഗങ്ങൾ

കാസര്‍കോട് പെരിയ ഇരട്ടകൊലക്കേസ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച്, സിപിഎം നേതൃത്വവുമായി ഒത്തുകളിക്കുകയാണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍. കേസ് സിബിഐക്ക് കൈമാറാതിരിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സിപിഎം നേതാക്കളുടെ അറസ്റ്റ്. ഏരിയ സെക്രട്ടറിയുടെ അറസ്റ്റോടെ സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് വ്യക്തമായെന്നും കുടുംബാംഗങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും, ശരത് ലാലിന്റെയും കൊലപാതകം സംബന്ധിച്ച അന്വേഷണം കൃത്യമായി  

പുരോഗമിക്കുന്നു എന്ന് ഹൈക്കോടതിയെ തെറ്റിധരിപ്പിക്കാനുള്ള തന്ത്രമാണ് സിപിഎം നേതാക്കളുടെ അറസ്റ്റെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വാദം ഇനി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കൃപേഷിന്റെ അച്ഛന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കേസ് സിബിഐക്ക് വിടണമെന്ന ഉറച്ച നിലപാടിലാണ് കുടുംബാംഗങ്ങള്‍. അതേസമയം ഏരിയ സെക്രട്ടറി കൂടി പ്രതിയായതോടെ ജില്ലയിലെ സിപിഎം നേതൃത്വവും പ്രതിരോധത്തിലായി. കേസന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്നു എന്നതിന്റെ തെളിവാണ് നേതൃനിരയിലുള്ളവരുടെ അറസ്റ്റ് എന്ന് ന്യായികരിക്കാനാണ് ജില്ലാ ഘടകത്തിന്റെ ശ്രമം. പുതിയ സംഭവവികാസങ്ങളെ മുന്‍നിര്‍ത്തി സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം വീണ്ടും ചര്‍ച്ചയാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.