റംസാനിൽ കുതിച്ചുയർന്ന് മീൻ വില; ലാഭമില്ലാതെ മത്സ്യത്തൊഴിലാളികൾ

കാലാവസ്ഥാ വ്യതിയാനം മൂലം  മല്‍സ്യലഭ്യത കുറഞ്ഞതോടെ റോക്കറ്റ് കണക്കെ കുതിച്ചുയരുകയാണ് സംസ്ഥാനത്തെ മീന്‍വില. മലയാളികളുടെ ഇഷ്ട മീനുകളായ മത്തിയും അയിലയുമടക്കമുള്ളവ ഇപ്പോള്‍ കിട്ടാക്കനിയാണ്. മീന്‍വിലയ്ക്കൊപ്പം കോഴി ഇറച്ചിക്കും വില കൂടുന്നത് റമസാന്‍ കാലത്ത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാവുകയാണ്. 

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഇതുപോലെ സജീവമായിരുന്നു കോഴിക്കോട്ടെ ഹാര്‍ബറുകള്‍. പിടയ്ക്കുന്ന മീനുകള്‍ കുറഞ്ഞ വിലയക്ക് കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഹാര്‍ബറിലെ കാഴ്ച്ചയൊന്ന് കാണുക. മല്‍സ്യബന്ധനത്തിനായി പോയ ബോട്ടുകള്‍ എപ്പോഴെങ്കിലും എത്തിയാല്‍ എത്തി എന്നതാണ് സ്ഥിതി.  എത്തിയവരുടെ കൈവശമാകട്ടെ മുമ്പ് ലഭിച്ചിരുന്നതിന്‍റെ നാലിലൊന്ന് മീന്‍ പോലും ഇല്ല. 

വില വന്‍തോതില്‍ കൂടിയെങ്കിലും ഇതിന്‍റെ പ്രയോജനം മല്‍സ്യതൊഴിലാളികള്‍ക്കല്ല, കച്ചവടക്കാര്‍ക്കാണ് ലഭിക്കുന്നത്. മീനിനൊപ്പം കോഴി ഇറച്ചിയുടെ വിലയും കുതിക്കുകയാണ്. ചില്ലറ വില്‍പ്പനയില്‍ കിലോയ്ക്ക് 130 രൂപയായിരുന്നത് 200 ല്‍ എത്തി.