ആ ‘ഷിറ്റ്’ പരകായപ്രവേശം; ഇന്നസെന്റിനോട് വോട്ട് ചോദിക്കില്ല: സുരേഷ് ഗോപിയുടെ മനസിലെന്ത്?

തൃശൂരില്‍ കലാശക്കൊട്ടിനിെട സുരേഷ് ഗോപിയുടെ സ്വതസിദ്ധമായ ഷിറ്റ് ജനശ്രദ്ധ നേടിയിരുന്നു. എല്‍.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തകര്‍ കലാശക്കൊട്ടിനിടെ മുഖാമുഖം വന്നപ്പോഴാണ് സുരേഷ് ഗോപി സ്ഥാനാര്‍ഥിയാണെന്ന കാര്യം മറന്ന് സിനിമാതാരമായത്. തികച്ചു സിനിമാ സ്റ്റൈലില്‍ ഡാന്‍സും പിന്നെ ഷിറ്റും. എന്താണ് ആ സമയത്ത് അങ്ങനെ പെരുമാറാന്‍ കാരണം. വിശദീകരണമുണ്ട് സുരേഷ് ഗോപിയ്ക്കു പറയാന്‍. നിശബ്ദ പ്രചാരണ ദിവസം സൗഹൃദ കൂടിക്കാഴ്ചകള്‍ക്കായി ഇറങ്ങും മുമ്പാണ് മനോരമ ന്യൂസിന്റെ ചോദ്യങ്ങളോട് സുരേഷ് ഗോപി തൃശൂരില്‍ പ്രതികരിച്ചത്.

ആ സമയത്ത് എന്തിനാണ് ഷിറ്റ് അടിച്ചത്?. 

ആ സമയത്ത് എന്തോ ഒരു പരകായപ്രവേശം ഉണ്ടായി. െടലിവിഷന്‍ അവതാകരനായ സമയത്തും ചിലപ്പോള്‍ ഇങ്ങനെ പരകായപ്രവേശം വരാറുണ്ട്. അതുക്കൊണ്ടാണ്, ഷിറ്റ് അടിച്ചത്. പണ്ട് സുകുമാര്‍ അഴീക്കോടിനെ കണ്ട് സംസാരിച്ചത് മനസിലുണ്ട്. അഴീക്കോടിന്‍റെ വര്‍ത്തമാനങ്ങള്‍ മനസില്‍ ഇങ്ങനെ കയറി വരും. എം.എന്‍.വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഓര്‍മയും മനസിലുണ്ട്. അവരെല്ലാം നല്ല മനുഷ്യരാണ്. ദൈവനുഗ്രഹമുള്ളവര്‍. അവര്‍ക്കു ദൈവത്തില്‍ വിശ്വാസമില്ലായിരിക്കാം. ദൈവത്തിന് പലതരം മക്കളുണ്ടല്ലോ. ചിലര്‍ തലതിരിഞ്ഞവര്‍. മറ്റു ചിലര്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍. ചിലര്‍, ദൈവത്തോട് പുച്ഛം കാണിക്കാത്തവര്‍. അങ്ങനെ പലതരം. 

ഇന്നസെന്റ് തൃശൂരിലെ വോട്ടറായിട്ടും എന്തുകൊണ്ട് വോട്ടുചോദിച്ചില്ല?. ഇന്നസെന്റ് പറഞ്ഞല്ലോ സുരേഷ് ഗോപി ഇതുവരെ വോട്ടുചോദിച്ചില്ലായെന്ന്?

ഇന്നസെന്റിനോട് വോട്ടു ചോദിച്ചാല്‍ അദ്ദേഹത്തിന് നിഷേധിക്കാന്‍ പറ്റില്ല. അദ്ദേഹവുമായി നല്ല അടുപ്പമുണ്ട്. ഹൃദയബന്ധമുണ്ട്. വോട്ടു ചോദിച്ചാല്‍ നിഷേധിക്കാന്‍ പറ്റില്ലെന്ന് അറിയാവുന്നതു കൊണ്ട് തല്‍ക്കാലം ചോദിച്ചില്ലേയുന്നുള്ളൂ. അടുപ്പം മനസിലുണ്ടാകും. 

ഇന്നസെന്റ് ഇരിങ്ങാലക്കുടയിലെ വോട്ടറാണ്. ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലമാകട്ടെ തൃശൂര്‍ ലോക്സഭാമണ്ഡലത്തിലും. കഴിഞ്ഞ തവണ ഇന്നസെന്റ് മല്‍സരിച്ചപ്പോള്‍ പ്രചാരണത്തിനായി വന്ന ആളാണ് സുരേഷ് ഗോപി. പക്ഷേ, ഇക്കുറി എതിര്‍പാളയത്തിന്‍റെ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നതിനാല്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച തന്നെ ഒഴിവാക്കിയിരുന്നു. ബിജുമേനോന്‍, സംയുക്ത വര്‍മ, സത്യന്‍ അന്തിക്കാട്, മഞ്ജു വാര്യര്‍ തുടങ്ങി സിനിമാ പ്രവര്‍ത്തകരുടെ വോട്ട് തൃശൂരിലുണ്ട്. ബിജുമേനോന്‍ വോട്ടു ചോദിക്കാന്‍ സുരേഷ് ഗോപിയുടെ വേദിയില്‍ വന്നത് സൈബര്‍ ലോകത്ത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. വ്യക്തിപരമായ സൗഹൃദം കൊണ്ടാണ് വോട്ടുചോദിക്കാന്‍ വന്നതെന്നായിരുന്നു ബിജു മേനോന്‍റെ വിശദീകരണം. സുരേഷ് ഗോപിയുമായുള്ള അഭിമുഖത്തിന്റെ വിഡിയോ താഴെ.