തൊട്ടരികെ നിന്നു കണ്ട പ്രിയങ്ക എന്ന അമ്മഭാവം; അദ്ഭുതം; ശ്രീധന്യ പറയുന്നു

‘ചേർത്ത് നിർത്തി ഒപ്പമുണ്ടെന്ന് തുറന്നുപറഞ്ഞാണ് പ്രിയങ്കാ ഗാന്ധി വീടുവിട്ടിറങ്ങിയത്. എന്നോട് ചോദിച്ചതെല്ലാം ഞാൻ കടന്നുവന്ന സാഹചര്യത്തെക്കുറിച്ചായിരുന്നു. ജീവിതത്തിലെ കഷ്ടതകളെ കുറിച്ചായിരുന്നു.’ രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്കയും നേരിട്ടെത്തി അഭിനന്ദിച്ചതിന്റെ അമ്പരപ്പിലാണ് സിവിൽ സർവീസ് റാങ്ക് ജേതാവ് ശ്രീധന്യ. അതേ ആവേശത്തോടെ പ്രിയങ്കയെ കുറിച്ചും അവർക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെ കുറിച്ച് ശ്രീധന്യ പറയുന്നു.

പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വസന്തകുമാറിന്റെ വീട്ടിൽ പ്രിയങ്കാ ഗാന്ധി  സന്ദർശനത്തിനെത്തിയപ്പോൾ ഒരു കോൾ ശ്രീധന്യയെയും തേടി എത്തി. പ്രിയങ്ക കുടുംബത്തോടൊപ്പം നടത്തുന്ന സംഭാഷണം പരിഭാഷപ്പെടുത്താമോ എന്ന് ചോദിച്ചായിരുന്നു ആ വിളി. നിറ‍ഞ്ഞ മനസോടെ ശ്രീധന്യ പ്രിയങ്കയ്ക്ക് ഒപ്പം ആ വിട്ടിലെത്തി. വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തോട് പ്രിയങ്ക പറഞ്ഞ വാക്കുകൾ ശ്രീധന്യ പറയുന്നു.

‘ആ കുടുംബത്തെ ചേർത്ത് നിർത്തിയാണ് പ്രിയങ്കാ ഗാന്ധി സംസാരിച്ചത്. അച്ഛൻ നഷ്ടപ്പെട്ട മക്കളുടെ വേദന എന്താണെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും ഇതിന് സമാനമായ ഒരു അനുഭവത്തിലൂടെ കടന്നുവന്നവരാണ് താനും സഹോദരനുമെന്നും പ്രിയങ്ക അവരോട് പറഞ്ഞു. സർക്കാർ ചെയ്ത സഹായങ്ങളെ കുറിച്ചും അവർ ചോദിച്ചു. പിന്നീട് മക്കളെ അടുത്ത് വിളിച്ച് മാതൃത്വം നിറച്ചായിരുന്നു പ്രിയങ്കയുടെ വാക്കുകൾ. അവരുടെ വിദ്യാഭ്യാസത്തെ കുറിച്ചും. ഭാവിയിൽ ആരായി തീരണമെന്നും അവർ മക്കളോട് ചോദിച്ചു. ഇതിനെല്ലാം ലഭിച്ച മറുപടി ഒരു നേതാവായി ആയിരുന്നില്ല ഒരു അമ്മയായി തന്നെയാണ് അവർ കേട്ടതും മറുപടി കൊടുത്തും. അത്രത്തോവളം ഹൃദ്യമായിരുന്നു ആ നിമിഷം.

പിന്നീട് തന്റെ ഫോൺ നമ്പർ വസന്തകുമാറിന്റെ കുടുംബത്തിന് നൽകി പ്രിയങ്ക പറഞ്ഞു. മക്കളുടെ ആവശ്യത്തിനോ കുടുംബത്തിന്റെ ആവശ്യത്തിനോ എന്തുസഹായം വേണമെങ്കിലും തന്നെ നേരിട്ട് ബന്ധപ്പെടണമെന്നും അവർ പറഞ്ഞു. നിറഞ്ഞ മനസോടെയാണ് ഇൗ സന്ദർശത്തെ വീരജവാന്റെ കുടുംബം സ്വീകരിച്ചത്. പിന്നീട് എന്നോട് കുറേ നേരം സംസാരിച്ചു. എന്റെ ജീവിതവും പഠിക്കാൻ ഉണ്ടായ ബുദ്ധിമുട്ടുകളും വീടിനെ കുറിച്ചും ചോദിച്ചറിഞ്ഞു. രാഹുൽ ഗാന്ധി എന്നെ കുറിച്ച് പറഞ്ഞിരുന്നതായും നേരിൽ കാണണം എന്ന് ആവശ്യപ്പെട്ടിരുന്നതായും അവർ പറഞ്ഞു.

വീട്ടിലൊരുക്കിയ ഭക്ഷണം ആസ്വദിച്ച് കഴിച്ച പ്രിയങ്ക എനിക്ക് അദ്ഭുതമായിരുന്നു. കപ്പയും ചമ്മന്തിയുമാണ് ഒരുക്കിയിരുന്നത്. തീൻമേശയിൽ ഇരുന്ന് ചമ്മന്തി തൊട്ട് കപ്പ നന്നായി കഴിച്ചു. കപ്പ കയ്യിലെടുത്ത് ടപ്പിയോക്കാ എന്ന് പറഞ്ഞപ്പോൾ കൂടിനിന്ന ഞങ്ങളുടെ മനസും നിറഞ്ഞു. ആദ്യമായിട്ടാണ് കഴിക്കുന്നതെന്നും നല്ല രുചിയുള്ള ഭക്ഷണമായിരുന്നെന്നും പ്രിയങ്ക പറഞ്ഞു. വീടുവിട്ടിറങ്ങാൻ നേരം എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചാണ് അവർ മടങ്ങിയത്. ഒപ്പം ഒരു ഉപദേശവും തന്നു. സർവീസിൽ കയറിയ ശേഷം പാവങ്ങൾക്കായി എന്റെ സമാനസാഹചര്യത്തിൽ നിന്നും വരുന്നവർക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യണം. ഇൗ വാക്കുകളും ഇനി അനുഭവവും ഒരിക്കലും മറക്കില്ല. തീർച്ച. ശ്രീധന്യ പറയുന്നു.